കോവിഡ് ബാധിച്ച മാതാപിതാക്കളുടെ കുഞ്ഞിനെ ഏറ്റെടുത്ത് പൊലീസുകാരി; അഭിനന്ദന പ്രവാഹം
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് മഹാമാരിക്കാലം താണ്ടുേമ്പാൾ മാതൃദിനത്തിൽ ശ്രദ്ധേയയാകുകയാണ് ഡൽഹിയിലെ ഒരു പൊലീസുകാരി. കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ ആറുമാസം പ്രായമായ കുഞ്ഞിന് അമ്മയാകുകയായിരുന്നു ഇവർ.
മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റീവാകുന്നതോടെ ഒറ്റപ്പെടുന്നവരാണ് കുട്ടികൾ. മിക്കവരെയും ബന്ധുക്കൾ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും െചയ്യും. എന്നാൽ ഡൽഹിയിലെ ജി.ടി.ബി നഗർ റേഡിയോ കോളനിയിലെ ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല.
ദമ്പതികളുടെ ബന്ധുക്കൾ ഉത്തർപ്രദേശിലാണ് താമസം. രണ്ടിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ബന്ധുക്കൾക്ക് ഡൽഹിയിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാൻ സാധിക്കാതെ വന്നു. നിരവധി ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും ദമ്പതികളുടെ അടുത്തേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു എല്ലാവർക്കും.
എന്നാൽ സംഭവം അറിഞ്ഞ സൂറത്തിലെ ഒരു ബന്ധു സമീപത്തെ പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബ്ൾ രാഖിയെ ബന്ധപ്പെടുകയായിരുന്നു. ഇതോടെ രാഖി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. കൂടാതെ കോവിഡ് പോസിറ്റീവായ കുഞ്ഞിന്‍റെ മാതാപിതാക്കളോടും സംസാരിച്ചു.
ഇരുകൂട്ടരുടെയും സമ്മതം ലഭിച്ചതോടെ രാഖി ദമ്പതികളുടെ വീട്ടിലെത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയുമായിരുന്നു. കുഞ്ഞിന് ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും രാഖി കൈയിൽ കരുതിയിരുന്നു. പിന്നീട് യു.പിയിൽ ദമ്പതികളിൽ ഒരാളുടെ മാതാവിന് കുഞ്ഞിനെ സുരക്ഷിതമായി കൈമാറുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നിരവധിപേരാണ് രാഖിക്ക് അഭിനന്ദനവുമായെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.