ഗുജറാത്ത് വംശഹത്യയിൽ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ 26 പ്രതികളെ കോടതി വെറുതെവിട്ടു
text_fieldsഗോധ്ര: ഗുജറാത്ത് വംശഹത്യയിലെ കാലോൽ കൂട്ടക്കൊല-കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട് വിചാരണ കോടതി. 2002 മാർച്ച് ഒന്നിന് കാലോൽ നഗരത്തിൽ 13 ന്യൂനപക്ഷ സമുദായാംഗങ്ങൾ കൊല്ലപ്പെട്ട വ്യത്യസ്ത സംഭവങ്ങളിലാണ് 26 പ്രതികളെയും തെളിവില്ലെന്ന് പറഞ്ഞ് വെറുതെവിട്ടത്. ഇതിനൊപ്പമുള്ള കൂട്ട ബലാത്സംഗ കേസിലെ പ്രതികളെയും വെറുതെവിട്ടു.
പഞ്ച്മഹൽ ജില്ലയിലെ ഹാലോൽ അഡീഷനൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദസാമയാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. ആകെയുള്ള 39 പ്രതികളിൽ 13 പേർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. 2002 മാർച്ച് ഒന്നിന് പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരക്ക് നേതൃത്വം നൽകിയ ആൾക്കൂട്ടത്തിലെ അംഗങ്ങളെ പ്രതിചേർത്ത് കാലോൽ പൊലീസ് മാർച്ച് രണ്ടിന് എടുത്ത കേസാണിത്. 190 സാക്ഷികളെ വിസ്തരിച്ച കേസിൽ സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും അവർ പ്രോസിക്യൂഷൻ വാദത്തെ അനുകൂലിക്കുന്നില്ലെന്നും കോടതി വിശദീകരിച്ചു.
ദെലോൽ ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ടുവന്ന 38 അംഗ സംഘത്തിലെ 11 പേരെ കാലോലിൽ വെച്ച് ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വാഹനമടക്കം ചുട്ടെരിച്ചത്, പള്ളിക്കുള്ളിൽ ഒരാളെ തീവെച്ചുകൊന്നത് എന്നീ സംഭവങ്ങളും ഇതിനൊപ്പം അന്വേഷിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസും ഇതിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.