ഡൽഹി മദ്യനയ അഴിമതി കേസ്: കവിതയെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. കവിതയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷ ഡൽഹി റോസ് അവന്യു കോടതി അംഗീകരിക്കുകയായിരുന്നു.
കവിതയെ മാർച്ച് 15ന് ഹൈദരാബാദിലെ വസതി റെയ്ഡ നടത്തിയതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോൾ ഏഴു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. മാർച്ച് 23ന് കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനൽകി. ഇത് അവസാനിച്ചതോടെ ജുഡീഷൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്നതിനിടെയാണ് സി.ബി.എ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സർക്കാറിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലക്ക് കൈമാറിയതിന്റെ മറവിൽ അഴിമതി നടന്നുവെന്നും ലൈസൻസ് ലഭിക്കാൻ 100 കോടി രുപ കെജ്രിവാൾ സർക്കാറിന് കവിതയുൾപ്പെട്ട സൗത്ത്ഇന്ത്യൻ ഗ്രൂപ്പ് കൈക്കൂലി നൽകിയെന്നുമാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.