വിമാനത്താവളത്തിലെ ബോംബ്: പ്രതിക്ക് ആദ്യം 'മാനസികം', ഒടുവിൽ 20 വർഷം കഠിന തടവ്
text_fieldsബംഗളൂരു: രാജ്യത്തെ ഭീതിയുടെ മുൾമുനയിലാക്കിയ സംഭവമായിരുന്നു മംഗളൂരു വിമാനത്താവളത്തിൽ കണ്ടെത്തിയ ബോംബ്. 2020 ജനുവരി 20നാണ് മംഗളൂരു രാജ്യാന്തര വിമാനത്താവള ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിച്ച ബാഗിൽനിന്ന് സ്ഫോടകവസ്തു കണ്ടെത്തിയത്. തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും അടിയന്തിര ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രതിയായ ആദിത്യ റാവുവിന് കഴിഞ്ഞ ദിവസം കോടതി 20 വർഷം കഠിനതടവ് വിധിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.
തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ട കേസിൽ, അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയമായിട്ടായിരുന്നു പ്രതി ഉഡുപ്പി മണിപ്പാൽ സ്വദേശിയായ ആദിത്യ റാവു ബംഗളൂരു പൊലീസിൽ കീഴടങ്ങിയത്. പിന്നാലെ, 'ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയിക്കുന്നു' എന്നായിരുന്നു പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, മെക്കാനിക്കൽ എൻജിനീയറായ പ്രതി ആദിത്യ റാവു ബോധപൂർവമാണ് ബോംബ് സ്ഥാപിച്ചതെന്നായിരുന്നു മംഗളൂരുവിലെ നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ബി.ആർ. പല്ലവിയുടെ കണ്ടെത്തൽ. പ്രതിക്ക് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018ൽ ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഫോൺകാളിനെ തുടർന്നും ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ ഒരുവർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയപ്പോഴായിരുന്നു മംഗളൂരുവിൽ ബോംബ് വെച്ചത്.
അസംസ്കൃത വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ വഴി; നിർമിച്ചത് അത്യാധുനിക ബോംബ്
സ്ഫോടകവസ്തു തയ്യാറാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ഓൺലൈൻ വിൽപന സൈറ്റായ ആമസോണിൽ നിന്നാണ് ആദിത്യ റാവു സംഘടിപ്പിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ടൈമർ, സ്വിച്ച്, ഡിറ്റണേറ്റർ, ബാറ്ററി, വയർ തുടങ്ങിയവ ഘടിപ്പിച്ച് അത്യാധുനിക ബോംബ് സ്വന്തമായാണ് നിർമിച്ചത്. ഓട്ടോയിൽ വന്ന് വിമാനത്താവളത്തിൽ ബോംബ് വെക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സി.ഐ.എസ്.എഫ് ജീവനക്കാരനാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബാഗ് കണ്ടെത്തിയത്. ഉടൻ സമീപത്തെ യാത്രക്കാരെ പൊലീസ് മാറ്റുകയും സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കെഞ്ചാറിലെ ആളൊഴിഞ്ഞ മൈതാനത്തെത്തിച്ച് നിർവീര്യമാക്കുകയും ചെയ്തു. ഇതിനുപിന്നാലെ, ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശവും അധികൃതർക്ക് ലഭിച്ചിരുന്നു. എന്നാൽ, യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡ് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും മനുഷ്യജീവന് അപകടമുണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രതി മുൻകൂട്ടി രൂപരേഖ തയ്യാറാക്കിയാണ് സ്ഫോടക വസ്തു നിർമിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 80 പേജുള്ള വിധിന്യായത്തിൽ കോടതി അതേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. നിരവധി ഇന്റർനെറ്റ് സെന്ററുകൾ സന്ദർശിച്ചാണ് ആദിത്യ റാവു ബോംബ് നിർമാണം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ആമസോൺ സൈറ്റിൽ നിന്ന് ഇതിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ഓർഡർ ചെയ്‌തതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ മംഗളൂരുവിലെ ഫാമിലി റസ്‌റ്റോറന്റിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് സൂക്ഷിച്ചത്. സ്‌ഫോടകവസ്തു തയ്യാറാക്കിയ ശേഷം കറുത്ത ബാഗിലാക്കി വിമാനത്താവളത്തിന്റെ തിരക്കേറിയ സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് ജഡ്ജി നിരീക്ഷിച്ചു. 1908ലെ സ്‌ഫോടകവസ്തു നിയമം സെക്ഷൻ 4, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം സെക്ഷൻ 16 എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 20 വർഷം തടവിന് പുറമെ 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
വ്യാജബോംബ് ഭീഷണിയിൽ തുടക്കം
2018ൽ ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി ഉയർത്തിയാണ് ആദിത്യ റാവു കുപ്രസിദ്ധി നേടിയത്. അവിടെ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിച്ച പ്രതി ജോലി ലഭിക്കാതെ വന്നപ്പോൾ വ്യാജ ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് കേസ്. ബംഗളൂരു എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും ബോംബ് വെച്ചുവെന്നായിരുന്നു സന്ദേശം. സംഭവത്തിൽ അറസ്റ്റിലായ ഇയാളെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.