'അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു'; ഹാസ്യതാരം മുനവർ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ചു
text_fieldsഇേന്ദാർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ചു.
ഇരുകൂട്ടരുടെയും വാദം കേട്ടശേഷം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി യദീന്ദ്ര കുമാർ ഗുരു, മുനവർ ഫാറൂഖിക്കും നലിൻ യാദവിനും ജാമ്യം നിഷേധിക്കുകയായിരുന്നു. മുനവർ ഫാറൂഖിയെ അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി രണ്ടിന് അഞ്ചുപേരുടെയും ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഹാസ്യപരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചുവെന്ന ഇന്ദോറിലെ ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്‍റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. ഇന്ദോറിലെ 56 ദൂക്കാൻ ഏരിയയിലായിരുന്നു പരിപാടി.
ഫാറൂഖിക്ക് പുറമെ എഡ്വിൻ ആന്‍റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. അതിനിടെ കോടതിയിൽ ഹാജരാക്കുന്നതിന് പൊലീസിനൊപ്പം ഇരുചക്രവാഹനത്തിൽ എത്തിയ സദഖത്തിനെ ഹിന്ദ് രക്ഷക് സംഘതൻ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇയാളെ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
ഗണേശ ദേവനെയും ഷായെയും അപമാനിച്ചെന്ന് ആരോപിച്ച് ഫാറൂഖിക്കെതിരെ പരാതിക്കാരൻ പൊലീസിൽ വിഡിയോ സഹിതം പരാതി നൽകിയിരുന്നു. കർസേവകരെയും അമിത് ഷായെയും പരിഹസിച്ചശേഷം ഇയാൾ ദേവതമാരെയും അവഹേളിച്ചെന്നായിരുന്നു പരാതി. എന്നാൽ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വിഡിയോ പരിശോധിച്ച ശേഷം തുക്കഗഞ്ച് പൊലീസ് സ്റ്റേഷൻ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.
വിദ്വേഷപ്രസംഗങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ തെൻറ പാട്ടുകളിലും പരിപാടികളിലും നിരന്തരം പ്രതികരിക്കാറുള്ള മുനവ്വറിനെതിരെ സംഘ്പരിവാർ സംഘടനകൾ നേരത്തേ തന്നെ സമാനമായ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.