ഡൽഹി കലാപം: മുസ്‌ലിം പള്ളിക്ക് തീവെച്ച കേസിൽ അഞ്ചുപേർക്കെതിരെ കുറ്റം ചുമത്തി
text_fieldsന്യൂഡൽഹി: 2020ൽ നടന്ന ഡൽഹി കലാപത്തിനിടെ മുസ്‌ലിം പള്ളിക്ക് തീവെച്ച കേസിൽ അഞ്ചുപേർക്കെതിരെ കുറ്റം ചുമത്തി. അങ്കിത്, സൗരഭ് ശർമ, രോഹിത്, രാഹുൽ കുമാർ, സച്ചിൻ എന്നിവർക്കെതിരെയാണ് ഡൽഹി ഹൈക്കോടതി കോടതി കുറ്റം ചുമത്തിയത്.
കലാപം, നിയമവിരുദ്ധമായി സംഘംചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഷഹീദ് ഭഗത് സിങ് കോളനിയിലെ പള്ളിക്കാണ് ഇവർ തീവെച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. കൂടുതൽ ആളുകൾക്കെതിരെ അന്വേഷണം നടത്താനും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു.
കാരവൽ നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കലാപത്തിനിടെ ഷഹീദ് ഭഗത് സിങ് കോളനിയിൽ സ്ഥിതി ചെയ്യുന്ന അള്ളാ വാലി മസ്ജിദ് കത്തിച്ചതായാണ് പരാതി. മസ്ജിദിന്റെ വാതിലിനു പുറത്ത് സ്ലാബിൽ ഒരു ശിൽപം സ്ഥാപിച്ചതായും ആരോപണമുയർന്നിരുന്നു.
അന്വേഷണത്തിൽ സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ പള്ളിയും വീടുകളും തീയിട്ട് നശിപ്പിക്കാൻ പ്രതി രോഹിത് "ആൾക്കൂട്ടത്തിലെ മറ്റ് അംഗങ്ങളെ" പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി അലി അഹമ്മദിന്റെ മൊഴി വെളിപ്പെടുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ സൗരഭ് ആണ് മസ്ജിദിന് തീയിട്ടത്.
പ്രതികൾ അക്രമിസംഘത്തിലെ അംഗങ്ങളാണെന്ന് ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞതും കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 427, 435, 436, 149, 188, 450 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കോടതി കുറ്റം ചുമത്തിയത്. കൂടാതെ, പ്രതിയായ രോഹിതിനെതിരെ ഐപിസി 109, 114 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.