ഉവൈസിയുടെ വാഹനത്തിനുനേർക്ക് വെടിവെപ്പ് നടത്തിയവർക്ക് ജാമ്യം
text_fieldsലഖ്നോ: ആൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിനുനേരെ വെടിവെപ്പ് നടത്തിയ രണ്ടുപേർക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എഫ്.ഐ.ആറിൽ പ്രതികളായ സച്ചിൻ ശർമയുടെയും ശുഭം ഗുർജാറിന്‍റെയും പേരില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ച് ജസ്റ്റിസ് പങ്കജ് ഭാട്ടിയ ഉത്തരവിട്ടത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ച അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതികളാക്കിയതെന്നും കോടതി പറഞ്ഞു. ആക്രമണവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ദുർബലമാണെന്നും കോടതി വിലയിരുത്തി. പൊലീസ് സേഖരിച്ച മൂന്ന് മൊഴികളിലും പ്രതികളുടെ പേരുകൾ ഇല്ലെന്നും കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനിടെയായിരുന്നു ആക്രമണം. ഹാപൂർ ജില്ലയിലെ പിൽഖുവയിൽ ഉവൈസിയുടെ കാറിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. അതേ വർഷം ജാമ്യം നേടിയ പ്രതികളിലൊരാൾ തനിക്ക് പശ്ചാത്താപമില്ലെന്നും മാപ്പ് പറയില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.