അതിജീവിതയെ ഭാര്യയാക്കാമെന്ന് ബലാത്സംഗക്കേസ് പ്രതി; മൂന്ന് മാസത്തിനുള്ളിൽ വിവാഹമെന്ന വ്യവസ്ഥയിൽ ജാമ്യം നൽകി കോടതി
text_fieldsന്യൂഡൽഹി: ജയിലിൽ നിന്ന് മോചിതനായി മൂന്ന് മാസത്തിനുള്ളിൽ അതിജീവിതയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിൽ 26 കാരനായ ബലാത്സംഗ പ്രതിക്ക് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് പ്രതിക്ക് ജാമ്യം നൽകിയത്. പ്രതിയായ നരേഷ് മീണ താൻ 'സത്യസന്ധനായ വ്യക്തി' എന്ന നിലയിൽ, ഇരയെ ഭാര്യയായി പരിപാലിക്കാൻ തയാറാണെന്ന് അഭിഭാഷകൻ മുഖേന ബോധിപ്പിച്ചതിനെത്തുടർന്നാണ് ഫെബ്രുവരി 20ന് ജസ്റ്റിസ് കൃഷൻ പഹന്‍റെ ബെഞ്ച് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഗ്രയിലെ ഖണ്ഡൗലി പൊലീസ് സ്റ്റേഷനിൽ നരേഷ് മീണക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഉത്തർപ്രദേശ് പൊലീസിൽ ജോലി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഒമ്പത് ലക്ഷം തട്ടിയെടുത്ത ശേഷം പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിൽ നാല് മാസത്തെ കാലതാമസം ഉണ്ടായതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിക്ക് ജാമ്യം നിഷേധിക്കാൻ ആവശ്യമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വാദം കേട്ട ശേഷം കോടതി നിരീക്ഷിച്ചു. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.