മുസ്‍ലിം വിദ്വേഷ കുറ്റകൃത്യങ്ങളിൽ കോടതി ഇടപെടൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് മുസ്‍ലിം ന്യൂനപക്ഷത്തിനെതിരെ വ്യാപിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ സുപ്രീംകോടതി നിർദേശം നൽകണമെന്ന ഹരജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചു.
ഇത്തരം വിദ്വേഷ കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ യു.എ.പി.എ ചുമത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഹരജി ജസ്റ്റിസ് കെ.എം. ജോസഫിന്റെ ബെഞ്ചിലേക്ക് മാറ്റി.
ഇന്ത്യയിൽ മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ഭർത്സനങ്ങൾക്കും ഭീകരവത്കരണത്തിനും അന്ത്യം കുറിക്കാൻ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ മറ്റു ഹരജികൾക്കൊപ്പം പരിഗണിക്കും.
വിദ്വേഷ കുറ്റകൃത്യത്തിലും ശാരീരിക ആക്രമണങ്ങളിലും സമുദായ വിദ്വേഷ പ്രസംഗങ്ങളിലും ഏർപ്പെടുന്ന തീവ്രവാദ ശക്തികൾക്ക് ഭരണകക്ഷി നൽകുന്ന പിന്തുണയുടെ ഫലമായി മുസ്‍ലിംകൾക്കും മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്കുമെതിരായ വിദ്വേഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹരജിക്കാരനായ ശഹീൻ അബ്ദുല്ലക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.
ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് സിബൽ വാദിച്ചപ്പോൾ ഹരജിയിലെ ആവശ്യങ്ങൾ വ്യക്തതയില്ലാത്തതാണെന്നും രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീംകോടതി സ്വമേധയാ പരിശോധിക്കാമെന്നുമായിരുന്നു ജസ്റ്റിസ് രസ്തോഗിയുടെ പ്രതികരണം.
ഇതിനെ ഖണ്ഡിച്ച സിബൽ വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്ന സംഭവങ്ങൾ ഹരജിയിലുണ്ടെന്നും ഇവ തടയുന്നതിന് കഴിഞ്ഞ ആറ് മാസമായി നിരവധി ഹരജികൾ സുപ്രീംകോടതിക്ക് മുമ്പാകെ വന്നതാണെന്നും ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും വിശ്വാസയോഗ്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. മുസ്‍ലിം സമുദായത്തെ പരസ്യമായി പൈശാചികവത്കരിക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് വാർത്താമാധ്യമങ്ങൾ വിദ്വേഷ കുറ്റകൃത്യങ്ങൾ പടർത്തുന്നതിൽ പങ്ക് വഹിക്കുന്നതും ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വംശഹത്യാപരവും വിദ്വേഷം നിറഞ്ഞതുമായ അത്തരം പരിപാടികൾ സംഘടിപ്പിച്ച കക്ഷികൾക്കും പ്രസംഗകർക്കുമെതിരെ ഒരു നടപടിയുമുണ്ടായില്ല. നിരവധി പരിപാടികളിൽ മുസ്‍ലിംകൾക്കെതിരെ വംശഹത്യാപരമായ പ്രസംഗങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ മോശമാവുകയാണ്.
അത് മൂർധന്യത്തിലെത്തി മുസ്‍ലിംകളുടെ നേർക്കുള്ള തീവ്രവാദി സംഘങ്ങളുടെ ദേഹോപദ്രവങ്ങളിൽ എത്തുകയാണെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.