ടിപ്പുവിനെ കുറിച്ച പുസ്തകത്തിന് എതിരായ സ്റ്റേ കോടതി നീക്കി
text_fieldsബംഗളൂരു: മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിൽ തെറ്റായ വിവരങ്ങളുൾപ്പെടുത്തിയെന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ പുസ്തകത്തിന് കോടതി ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കി.
മൈസൂരുവിലെ രംഗായനയുടെ ഡയറക്ടർ അദ്ദണ്ഡ കരിയപ്പ എഴുതിയ ടിപ്പു നിജ കനസുഗളു (ടിപ്പു സത്യ സ്വപ്നങ്ങൾ) എന്ന പുസ്തകത്തിന്റെ വിതരണവും വിൽപനയും തടഞ്ഞുള്ള ഉത്തരവാണ് ബംഗളൂരുവിലെ 14ാം അഡീഷനൽ സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി ജൂനിയർ മെൻഡോസ നീക്കിയത്. അടുത്ത ഹിയറിങ് വരെ കടകളിലൂടെയോ ഓൺലൈനായോ പുസ്തകം വിൽക്കരുതെന്നായിരുന്നു നവംബർ 23ലെ ഉത്തരവ്. പുതിയ ഉത്തരവോടെ വിലക്ക് ഒഴിവാകും.
അയോധ്യ പബിക്കേഷനായിരുന്നു പ്രസാധകർ. രാഷ്ട്രോത്ഥാന മുദ്രണാലയയാണ് പ്രിന്റർ. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ സൂക്ഷിക്കുന്നതിനോ മുൻ ഉത്തരവു പ്രകാരം വിലക്കില്ലായിരുന്നു.സ്പഷ്ടമായ തെളിവുകളോ റഫറൻസുകളോ ഇല്ലാതെയാണ് ഗ്രന്ഥകാരൻ ടിപ്പുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുള്ളതെന്നും കണ്ണടച്ചുള്ള തെറ്റായ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായും ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശിയും മുൻ ജില്ല വഖഫ് ബോർഡ് ചെയർമാനുമായ ബി.എസ്. റഫീഉല്ലയാണ് ഹരജി നൽകിയത്.
ഈ ഹരജിയിൽ അടുത്ത വർഷം ജനുവരി 23ന് കോടതി വീണ്ടും വാദം കേൾക്കും. പുസ്തകം മുസ്‍ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായും സമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുമെന്നും ഹരജിക്കാരൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.