ഹിന്ദുത്വയെ ഐ.എസുമായി താരതമ്യപ്പെടുത്തൽ; സൽമാൻ ഖുർഷിദിനെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsലക്നൗ: ഹിന്ദുത്വയെ ഭീകരസംഘടനകളുമായി താരതമ്യപ്പെടുത്തുന്ന പരാമർശത്തിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിനെതിരെ കേസെടുക്കാൻ ലക്നൗ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്' എന്ന പുസ്തകത്തിൽ ഹിന്ദുത്വയെ ബോക്കോ ഹറാം, ഐ.എസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തിരുന്നു.
പരാമർശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ശുഭാംഗി തിവാരി സമർപ്പിച്ച ഹരജിയിലാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശാന്തനു ത്യാഗി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് പൊലീസിനോട് ഉത്തരവിട്ടത്. മൂന്ന് ദിവസത്തിനകം എഫ്.ഐ.ആറിന്‍റെ പകർപ്പ് കോടതിയിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നേരത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി തള്ളിയിരുന്നു.
പുസ്തകത്തിന്‍റെ പ്രസിദ്ധീകരണവും പ്രചാരണവും വില്‍പനയും തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട പുസ്തകമാണ് സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്. എന്നാല്‍ തന്‍റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണക്കുന്നതും ഹിന്ദുത്വയെ ചോദ്യം ചെയ്യുന്നതുമാണെന്ന് പറഞ്ഞ സല്‍മാന്‍ ഖുര്‍ഷിദ്, ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.