ട്രെയിനിലെ വിദ്വേഷക്കൊല: പ്രതി ചേതൻ സിങ്ങിന്റെ നുണപരിശോധന കോടതി തടഞ്ഞു
text_fieldsമുംബൈ: ഓടുന്ന ട്രെയിനിൽ മൂന്ന് മുസ്‍ലിം യാത്രക്കാരെയും എ.എസ്.ഐയെയും വെടിവച്ചുകൊന്ന റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരിയുടെ നുണപരിശോധന നടത്താനുള്ള ആവശ്യം തള്ളി കോടതി. മുംബൈ ബോറിവലിയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്കനുകൂലമായി വിധി പറഞ്ഞത്. കൊലപാതകത്തിന് ശേഷം ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണം’ എന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് ആക്രോശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
പ്രതിയുടെ അനുമതിയില്ലാതെ നാർക്കോ പരിശോധനയ്‌ക്കോ ബ്രെയിൻ മാപ്പിങ്ങിനോ നുണപരിശോധനയ്‌ക്കോ നിർബന്ധിക്കാനാകില്ലെന്നും മിണ്ടാതിരിക്കുക എന്നത് പ്രതിയുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. പ്രതി ചേതൻ സിങ്ങിനെ റെയിൽവേ പൊലീസ് സസ്‌പെൻഡ് ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ നാർക്കോ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റ് റെയിൽവേ പൊലീസ്(ജി.ആർ.പി) ആണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11നുള്ള കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഇന്നാണു പുറത്തുവന്നത്.
ചേതൻ സിങ് നിലവിൽ താനെ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ഗുരുതര കുറ്റങ്ങളാണു പ്രതി ചെയ്തതെന്നും അതിനാൽ അന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധന അടക്കം ആവശ്യമാണെന്നും കോടതിയിൽ പൊലീസ് വ്യക്തമാക്കി. എന്നാൽ, പ്രതിക്ക് വേണ്ടി ഹാജരായ സുരേന്ദ്ര ലാൻഡേജ്, അമിത് മിശ്ര, ജയ്‌വന്ത് പാട്ടീൽ എന്നീ അഭിഭാഷകർ നുണപരിശോധനയെ എതിർത്തു. ഇക്കാര്യം മജിസ്‌ട്രേറ്റ് ശരിവയ്ക്കുകയും ചെയ്തു. പ്രതിയുടെ കൂടി അനുവാദമില്ലാതെ ഇത്തരം പരിശോധനകളൊന്നും നടത്താനാകില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
ജൂലൈ 31നാണ് രാജ്യത്തെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. പുലർച്ചെ അഞ്ചോടെ വാപി റെയിൽവേ സ്റ്റേഷനിൽനിന്ന് വിട്ട സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്രക്കാരനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടിക്കാറാം മീണയെയാണ് ആദ്യം സർവിസ് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചത്. പിന്നാലെ വിവിധ ബോഗികളിൽ യാത്രക്കാരായ അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നിവരെയും നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.