സിഖ് കലാപ കേസ്; സജ്ജൻകുമാറിെൻറ ഇടക്കാല ജാമ്യ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: 1984ലെ സിഖ് കലാപ കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിെൻറ ഇടക്കാല ജാമ്യ ഹരജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സജ്ജൻ കുമാർ ഹരജി നൽകിയത്. എന്നാൽ, ഇതൊരു ചെറിയ കേസ് അല്ലെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ചീഫ് ജസ്റ്റിസ് തള്ളുകയായിരുന്നു. കഴിഞ്ഞ 20 മാസമായി ജയിലിൽതന്നെയാണ്. ശരീരഭാരം 16 കിലോയോളം കുറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും കോടതിയുടെ നിബന്ധനകൾ എല്ലാം അനുസരിക്കാമെന്നും സജ്ജൻ കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് അറിയിച്ചുവെങ്കിലും ചീഫ് ജസ്റ്റിസ് നിരസിക്കുകയായിരുന്നു.
ഡൽഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് 2018 ഡിസംബർ 17 മുതൽ 74കാരനായ സജ്ജൻ കുമാർ തിഹാർ ജയിലിലാണ്. 1984ൽ ഡൽഹിയിലെ പാലം കോളനി മേഖലയിലെ രാജ് നഗറിൽ അഞ്ചു സിഖുകാരുടെ കൊലയുമായും ഗുരുദ്വാര കത്തിച്ചതുമായും ബന്ധപ്പെട്ട കേസിൽ 2013ൽ വിചാരണ കോടതി കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു.
എന്നാൽ, ഇത് തള്ളിയ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നാണ് സിഖ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇടക്കാല ജാമ്യം തേടി മേയ് 13ന് സമർപ്പിച്ച ഹരജിയും സുപ്രീംകോടതി നിരസിച്ചിരുന്നു. ആശുപത്രി ചികിത്സയുടെ ആവശ്യമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.