ടി.ആർ.പി അഴിമതി; പാർത്തോ ദാസ് ഗുപ്തക്ക് ജാമ്യമില്ല
text_fieldsമുംബൈ: ടി.ആർ.പി അഴിമതിക്കേസിൽ ബാർക് മുൻ സി.ഇ.ഒ പാർത്തോദാസ് ഗുപ്തക്ക് ജാമ്യം നിഷേധിച്ച് സെക്ഷൻസ് കോടതി. 2019 ഡിസംബർ 24നാണ് ഗുപ്ത അറസ്റ്റിലാകുന്നത്. റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെ പാർത്തോ ദാസ് നെഞ്ചുവേദന കാരണം ആശുപത്രിയിലായിരുന്നു.
പാർത്തോ ദാസ് തന്‍റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അന്യായമായി അർണബിന്‍റെ ചാനലിനെ സഹായിക്കുകയും അവരുടെ ടെലിവിഷൻ റേറ്റിങ് ഉയർത്തുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്നും മുംബൈ പൊലീസ് പറയുന്നു. ജനുവരി നാലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പാർത്തോദാസ് സെക്ഷൻ കോടതിയിൽ ജാമ്യത്തിനായി അപേക്ഷിച്ചത്. കോടതിയിൽ പൊലീസ് ജാമ്യാപേക്ഷ ശക്തിയായി എതിർത്തു.
അർണബും പാർത്തോദാസും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റും പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് പോലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം കൊടുത്താൽ കേസ് അട്ടിമറിക്കുമെന്നും പൊലീസ് വാദിച്ചു. തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. അടുത്തതവണ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കുമെന്ന് പാർത്തോദാസ് ഗുപ്തയുടെ അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.