ഉന്നാവ് അപകടം; ബലാത്സംഗക്കേസ് പ്രതി കുൽദീപ് സിങ് സെങ്കാറിന് പങ്കില്ലെന്ന് കോടതി
text_fieldsന്യൂഡൽഹി: ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും പീഡനക്കേസ് പ്രതിയുമായ കുൽദീപ് സിങ് സെങ്കാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന സി.ബി.ഐ കണ്ടെത്തൽ ജില്ല കോടതി ശരിവെക്കുകയായിരുന്നു.
2019ലായിരുന്നു അപകടം നടന്നത്. പീഡനത്തിനിരയായ യുവതിയുടെ രണ്ട് അമ്മായിമാർ മരിച്ചിരുന്നു. യുവതിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കുൽദീപ് സിങ് സെങ്കാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു.
പ്രതിചേർക്കപ്പെട്ടവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു സി.ബി.ഐ കണ്ടെത്തൽ. അതേസമയം, ഡ്രൈവർക്കെതിരായി അശ്രദ്ധമായി വണ്ടിയോടിച്ചതിന് കേസ് നിലനിൽക്കും.
2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ബി.ജെ.പി എം.എൽ.എയായിരുന്ന കുൽദീപ് സിങ് സെങ്കാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവിതാവസാനം വരെ ശിക്ഷയനുഭവിക്കണമെന്നായിരുന്നു വിധി. പെൺകുട്ടിയെ സെങ്കാറിന്‍റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറാകാത്തതോടെ സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു.
പെൺകുട്ടിയുടെ പിതാവിെൻറ മരണത്തിലും കുറ്റവാളിയാണെന്ന് കണ്ടെത്തി സെങ്കാറിനെ 10 വർഷത്തേക്ക് കൂടി ശിക്ഷിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചാണ് പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെടുന്നത്. കുൽദീപ് സിങ് സെങ്കാറും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. തുടർന്ന് ആയുധ കേസിൽ പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. കേസിൻെറ വിധി പ്രസ്താവത്തിനിടെ പെൺകുട്ടിയുടെ പിതാവിൻെറ ശരീരത്തിൽ 18 മുറിവുകളേറ്റ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.