പൗരത്വമില്ലെന്നുപറഞ്ഞ് തടവറയിലിട്ടു; ഒടുവിൽ നൂർ ഹുസൈനും കുടുംബവും ഇന്ത്യക്കാരെന്ന് കോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരല്ലെന്നു മുദ്രകുത്തി ഒന്നരവർഷം തടവറയിലിട്ട അസമിലെ മുഹമ്മദ് നൂർ ഹുൈസനും (34) ഭാര്യ ഷെഹ്റ ബീഗവും (26) രണ്ടു മക്കളും ഇന്ത്യക്കാരെന്ന് കോടതി.
1951ലെ ദേശീയ പൗരത്വ രജിസ്റ്ററിലും 1956ലെ വോട്ടർപ്പട്ടികയിലും ഇരുവരുടെയും മാതാപിതാക്കളുടെ പേരും കുടുംബത്തിന് സ്വന്തമായി ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന 1958ലെ രേഖയും ഉണ്ടായിരിക്കെയാണ് ഇരുവരെയും ഇന്ത്യൻ പൗരന്മാരല്ലാതാക്കി തടങ്കൽ പാളയത്തിൽ അടച്ച് പീഡിപ്പിച്ചത്.
2017 ആഗസ്റ്റിലാണ് ഷെഹ്റ ബീഗത്തെ വിദേശിയെന്നു കാണിച്ച് അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തൊട്ടുപിറകെ ജനുവരിയിൽ നൂർ ഹുസൈനെതിരെയും കേസെടുത്തു. റിക്ഷ ഡ്രൈവറായ നൂർ ഹുസൈൻ കേസ് നേരിടാൻ അഭിഭാഷകരെ സമീപിച്ചെങ്കിലും ഫീസ് നൽകാൻ സാധിക്കാത്തതിനാൽ ആരും തയാറായില്ല.
ഒടുവിൽ, 4,000 രൂപ സ്വരൂപിച്ച് അഭിഭാഷകനെ ഹുസൈൻ നിയമിച്ചെങ്കിലും കേസ് പരിഗണിക്കുന്നതിനിടെ ഇയാൾ പിന്മാറി.
ഉയർന്ന ഫീസും മറ്റു ചെലവുകളും താങ്ങാനാവില്ലെന്നു പറഞ്ഞായിരുന്നു പിന്മാറ്റം. കേസ് നടത്താനാവാതെ വന്നതോടെ 2018 മേയ് 29ന് വിദേശ ട്രൈബ്യൂണൽ ഷെഹ്റ ബീഗം വിദേശിയെന്നു വിധിച്ചു. 2019 മാർച്ച് 30ന് നൂർ ഹുസൈനെതിരെയും വിധി വന്നു. 2019 ജൂണിൽ ഇരുവരെയും അറസ്റ്റ്ചെയ്ത് തടങ്കൽ പാളയത്തിൽ അടക്കുകയായിരുന്നു.
ആരും നോക്കാൻ ഇല്ലാത്തതിനാൽ ഏഴും അഞ്ചും വയസ്സായ രണ്ടുമക്കളെയും കൂെട കൊണ്ടുവന്നു. ഇതിനിടെ, ബന്ധുക്കൾ ഗുവാഹതിയിലെ മനുഷ്യാവകാശ അഭിഭാഷകരായ അമൻ വദൂദ്, സൈദ് ബുർഹനൂർ റഹ്മാൻ, സാക്കിർ ഹുസൈൻ എന്നിവരുടെ സഹായത്തോടെ ൈഹകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് വിദേശ ട്രൈബ്യൂണലിനോട് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഒക്ടോബർ ഒമ്പതിന് ഹൈകോടതി ഉത്തരവിട്ടു.
ആഴ്ചകൾക്കു മുമ്പ് നൂർ ഹുസൈന് അനുകൂല വിധി വന്നിരുന്നു. പുതുവർഷ പുലരിയിലാണ് ഷെഹ്റയും ഇന്ത്യൻ പൗരയാണെന്ന വിധി വന്നത്. നിയമപരമായ സഹായം ലഭിക്കാത്തതിനാൽ നിരവധി ഇന്ത്യക്കാരാണ് പൗരന്മാരല്ലാതായി തീരുന്നതെന്ന് അമൻ വദൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.