അസമിലെ വംശീയ അതിക്രമം: ക്രൂരതക്കെതിരെ കോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് കപിൽ സിബൽ
text_fieldsന്യൂഡൽഹി: അസമിലെ ക്രൂരതക്കെതിരെ കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ.
''അസമിൽ കുടിയൊഴിപ്പിക്കലിനെതിരെ ചെറുത്തുനിൽക്കുന്നവർക്കെതിരെയുള്ള ക്രൂരതയുടെ പ്രാകൃതമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ട് ഞാൻ ഞെട്ടി. സർക്കാറിന്‍റെ മൗനം എന്നെ തളർത്തുന്നു. അന്വേഷണമല്ല വേണ്ടത്. കോടതി സ്വമേധയാ കേസെടുക്കണം'' -കപിൽ സിബൽ പറഞ്ഞു.
അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ച് കൊന്നയാളുടെ മൃതദേഹം ഫോട്ടോഗ്രാഫര്‍ ചവിട്ടിമെതിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ജില്ല ഭരണകൂടം നിയമിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫർ ഇതിനെത്തുടർന്ന് അറസ്റ്റിലായിരുന്നു. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായത്.
വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് വെടിവെച്ചത്. സദ്ദാം ഹുസൈന്‍, ശൈഖ് ഫരീദ് എന്നീ രണ്ടു പ്രദേശവാസികള്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.