കോവാക്സിൻ സ്വീകരിക്കുന്നത് നിങ്ങളുടെ വിദേശ യാത്രയെ ബാധിക്കുമോ ? കാരണമിതാണ്
text_fieldsകോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് വാക്സിൻ പ്രചാരത്തിലെത്തിയതോടെ വിലക്കുകൾ നീക്കാൻ ഒരുങ്ങുകയാണ് പല രാജ്യങ്ങളും. ഒരുപക്ഷേ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പല രാജ്യങ്ങളിലേക്കും പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. .അങ്ങനെ വരികയാണെങ്കിൽ, ഇന്ത്യയിലെ കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രക്ക് തടസ്സം നേരിട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പല വിദേശ രാഷ്ട്രങ്ങളും, ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവാക്സിൻ അംഗീകരിച്ചിട്ടില്ലെന്നത് തന്നെയാണ് കാരണം.
ഇന്ത്യയിൽ നിലവിൽ രണ്ടു വാക്സിനുകളാണ് ഉപയോഗത്തിലുള്ളത്. ആസ്ട്രസെനേകയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡും, ഇന്ത്യയിൽ വികസിപ്പിച്ച് ഇവിടെ തന്നെ നിർമിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിനും.
സെറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. 130ഓളം രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ആസ്ട്രാസെനേകയുടെ വാക്സിൻ പ്രചാരണത്തിൽ ഉണ്ടുതാനും. അതേസമയം ഇന്ത്യയിൽ നിർമ്മിച്ച കോവാക്സിന് അധികം രാജ്യങ്ങളിൽ അംഗീകാരം ലഭിച്ചിട്ടില്ല. ഒമ്പത് രാജ്യങ്ങളിൽ മാത്രമാണ് കോവാക്സിന് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലും കോവാക്സിൻ ഇടംപിടിച്ചിട്ടില്ല. പട്ടികയിൽ ഉൾപ്പെടുത്താനുള്ള താൽപര്യപത്രം നിർമ്മാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും വരുന്ന ജൂൺ മാസത്തിലാകും ലോകാരോഗ്യ സംഘടന ഇതിനായുള്ള അവലോകനയോഗം ചേരുക. കോവാക്സിൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്.
അതേസമയം ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുവാദം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.