മൂന്നാംഘട്ട പരീക്ഷണം; കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് നിര്‍മാതാക്കള്‍
text_fieldsഡല്‍ഹി: ലക്ഷണങ്ങളോടെയുള്ള കോവിഡ് രോഗത്തിനെതിരെ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കളുടെ പ്രസ്താവന. ഏറെ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം വൈറസിനെതിരെ 65.2 ശതമാനം ഫലപ്രദമാണ് വാക്‌സിനെന്നും ഇവര്‍ പറയുന്നു.
ഗുരുതര ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 93.4 ശതമാനം പ്രതിരോധമാണ് അവകാശപ്പെടുന്നത്.
ശാസ്ത്രീയ ബോധ്യവും കഴിവും പ്രതിബദ്ധതയുമുള്ള ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഭാരത് ബയോടെക് സഹ-സ്ഥാപക സുചിത്ര എല്ല പറഞ്ഞു.
രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 18നും 98നും ഇടയിലുള്ള 130 രോഗികളിലാണ് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നത്. പൊതുവായുള്ള പാര്‍ശ്വഫലങ്ങള്‍ 12 ശതമാനം പേര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍, 0.5 ശതമാനത്തിന് മാത്രമാണ് ഗുരുതരമായ പാര്‍ശ്വഫലം അനുഭവപ്പെട്ടത്. ഇത്, പാര്‍ശ്വഫലങ്ങള്‍ മറ്റ് വാക്‌സിനുകളേക്കാള്‍ കോവാക്‌സിന് കുറവാണെന്നാണ് തെളിയിക്കുന്നതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.
ഐ.സി.എം.ആറും പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നല്‍കിയ രണ്ടാമത്തെ വാക്‌സിനാണിത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനാണ് ഏറ്റവും കൂടുതല്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.