പ്രതിഷേധങ്ങളുടെ വായ മൂടി കെട്ടുന്നത് ജനാധിപത്യവിരുദ്ധം -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: വടക്കെ ഇന്ത്യയിൽ, പ്രത്യേകിച്ച് യു.പിയിലും ജാർഖണ്ഡിലും നടക്കുന്ന സംഭവ വികാസങ്ങൾ രാഷ്ട്ര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിഷേധങ്ങളുടെ വായ മൂടി കെട്ടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അന്യായമായി തടങ്കലിലാക്കപ്പെട്ടവരുടെ വീടും സ്ഥാപനങ്ങളുമെല്ലാം തകർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത് വളരെ ഭീതിജനകമാണ്. ജാർഖണ്ഡിൽ ന്യായമായ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തതിന്റെ ഫലമായി രണ്ട് പേർ മരിച്ചു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാറുകൾ തന്നെ അവർക്കെതിരെ യാതൊരു ദയയുമില്ലാതെ വെടികളുതിർക്കുകയാണ്.
നിയമം കൈയിലെടുത്ത് രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബി.ജെ.പി നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും തുടരുകയാണ്. ഇക്കാര്യത്തിൽ സത്വരമായ പരിഹാരം കണ്ട് ശാന്തിയും സമാധാനവും കൈവരിക്കാത്ത പക്ഷം രാജ്യത്തിന് വലിയ മാനഹാനിയുണ്ടാകും. തെറ്റ് തിരുത്താൻ ബി.ജെ.പിയും ആർ.എസ്.എസും തയാറാകുന്നില്ലെന്ന് മാത്രമല്ല, പ്രശ്നങ്ങൾ സങ്കീർണമാക്കാനാണ് ശ്രമിക്കുന്നതെന്നുള്ള കാര്യം ഗൗരവമായി കാണേണ്ടതാണ്.
പ്രതിഷേധങ്ങളുടെ വായ മൂടി കെട്ടാനുള്ള ഇത്തരം നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീചമായ നടപടികൾക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഇ.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.