കോവിഡ്: നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ലഖ്നോ, നോയിഡ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ തിങ്കൾ രാവിലെ ആറു വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ ഏപ്രിൽ 10 മുതൽ പൊതു ആരാധനാലയങ്ങളിൽ പ്രവേശനം രാത്രി എട്ടുവരെ മാത്രമാക്കി . മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് ഇ -പാസ് ഏർപ്പെടുത്തിയത് തുടരും. കണ്ടെയ്ൻമെൻറ് സോണുകളിൽ സമ്പൂർണ ലോക്ഡൗണും ഏർപ്പെടുത്തി. കർണാടകയിൽനിന്നും മുംബൈയിൽനിന്നും വരുന്നവർക്ക് അസം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 24 മണിക്കൂറിനിടെ 59,000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛത്തിസ്ഗഢിൽ 10,000ലേറെ പേർക്കും കർണാടകയിൽ 6,000ലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു. ദേശീയ രോഗ സ്ഥിരീകരണനിരക്ക് 2.19 ശതമാനത്തിൽനിന്ന് 8.40 ശതമാനമായി ഉയർന്നു.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ വാക്സിൻ ഇല്ലാത്തതിനെ തുടർന്ന് വിതരണം നിർത്തി. പൻവേലിലും വാക്സിൻ വിതരണം നിർത്തിവെച്ചു. തുടർന്ന് കേന്ദ്രം 17 ലക്ഷം ഡോസ് വാക്സിൻ മഹാരാഷ്ട്രക്ക് നൽകി.
തൊഴിലിടങ്ങളിൽ ഞായറാഴ്ച മുതൽ വാക്സിൻ
ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ 11 മുതൽ തൊഴിലിടങ്ങളിലും വാക്സിൻ വിതരണം ചെയ്യും. അർഹരായ 100 ഗുണഭോക്താക്കളുള്ള പൊതു, സ്വകാര്യ തൊഴിലിടങ്ങളിൽ കുത്തിവെെപ്പടുക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. സ്വകാര്യ തൊഴിലിടങ്ങളിൽ വ്യക്തിക്ക് ഡോസിന് 150 രൂപയും സർവിസ് ചാർജായി 100 രൂപയും ഈടാക്കും.
45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ. പുറത്തുനിന്നുള്ളവർക്കോ ജീവനക്കാരുടെ ബന്ധുക്കൾക്കോ വാക്സിൻ നൽകില്ല. സംസ്ഥാന, ജില്ല വാക്സിനേഷൻ ഓഫിസർമാർ തുടർനടപടികൾ സ്വീകരിക്കണം. മാനേജ്മെൻറുമായി ബന്ധപ്പെട്ട് അനുയോജ്യമായ സമയങ്ങളിൽ വാക്സിനേഷൻ സെഷനുകൾ സംഘടിപ്പിക്കണം. വാക്സിൻ എടുക്കേണ്ടവർ കോ-വിൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.