യു.പി ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 22 പേർ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 22 പേർ. ഗോണ്ട ജില്ലയിലെ നിണ്ടൂര ഗ്രാമത്തിലാണ് സംഭവം.
കോവിഡ് ലക്ഷണങ്ങളെ തുടർന്നാണ് മരണമെങ്കിലും മിക്കവരും പരിശോധന നടത്താതിനാൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദിനംപ്രതി ആളുകൾ മരിച്ചുവീണിട്ടും ആരോഗ്യപ്രവർത്തകർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി.
അതേസമയം, മുംബൈയിൽ ജോലിക്കായി പോയവർ മടങ്ങിയെത്തിയതോടെയാണ് ഗ്രാമത്തിൽ രോഗം പടരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി നിരവധിപേർ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇവരിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുകയായിരുന്നെന്നാണ് നിഗമനം.
ഗ്രാമത്തിൽ കോവിഡ് ബാധിച്ച് ഒരേ ദിവസം പിതാവും മകനും മരിച്ചിരുന്നു. ഹാർഡ്വെയർ കടയിൽ ജോലി ചെയ്തിരുന്ന 28കാരനായ മുഹമ്മദ് അർഷാദും പിതാവ് 40കാരനായ മുഹമ്മദ് സാദുമാണ് മരിച്ചത്. അർഷദിന് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ കൂലൻഗഞ്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ശ്വാസ തടസം രൂക്ഷമായതോടെ മരിക്കുകയായിരുന്നു. പിതാവിനും രോഗം സ്ഥിരീകരിച്ചതോടെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർഷദ് മരിച്ച ദിവസം തന്നെ പിതാവും മരിച്ചു.
രോഗവിവരം അറിയിച്ചിട്ടും ആരും കോവിഡ് പരിശോധനക്കായി ഗ്രാമത്തിൽ എത്തിയില്ലെന്നും മരുന്നുകൾ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.
ഇവർക്കുപിന്നാലെ നിരവധി പേർ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് മരിക്കുകയായിരുന്നു. ചിലർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതേസമയം ഗ്രാമത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് അധികൃതരോട് ആജ്തക് ആരാഞ്ഞിട്ടും മറുപടി നൽകാൻ തയാറായിരുന്നില്ല. പിന്നീട് ചീഫ് മെഡിക്കൽ ഒാഫിസറുമായി ബന്ധപ്പെട്ടപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തര സേവനങ്ങൾ ഉടൻ ലഭ്യമാക്കുമെന്നുമായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.