അഞ്ച് പൈസക്ക് ബിരിയാണിയെന്ന് പരസ്യം; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടി
text_fieldsചെന്നൈ: ഉദ്ഘാടനം അൽപ്പം വ്യത്യസ്തമാക്കാൻ തമിഴ്നാട്ടിലെ ബിരിയാണി സ്റ്റാൾ നൽകിയ 'ഓഫർ' കാരണം ആദ്യ ദിനം തന്നെ കട പൂട്ടേണ്ടിവന്നു. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് ഓഫർ നൽകി പണി കിട്ടിയത്.
കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. വ്യത്യസ്തമായൊരു ഓഫറാണ് ഉദ്ഘാടന ദിവസം ഉടമകൾ നൽകിയത്. അഞ്ച് പൈസ നാണയവുമായി വരുന്നവർക്കെല്ലാം ബിരിയാണി നൽകും. തുടക്കം ഉഷാറാക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു അഞ്ച് പൈസ ഓഫർ.
അഞ്ച് പൈസ ഇപ്പോൾ ഉപയോഗത്തിലില്ലാത്തതാണല്ലോ, അഞ്ചോ പത്തോ പേർ വന്നാലായി എന്നായിരുന്നു ഉടമകൾ കരുതിയത്. എന്നാൽ, പ്രതീക്ഷകൾക്ക് നേരെ വിപരീതമാണ് സംഭവിച്ചത്. അഞ്ച് പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തിയത്. പഴയ നാണയങ്ങൾ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി.
ഒരു ഘട്ടത്തിൽ 300ഓളം പേർ കടക്ക് മുന്നിൽ അഞ്ച് പൈസയും കൊണ്ട് കൂടിനിൽക്കുന്ന സാഹചര്യമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേയായിരുന്നു ഈ കൂട്ടംചേരൽ. ഇതോടെ പൊലീസ് ഇടപെട്ടു.
മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി ആളുകൾ തിങ്ങിക്കൂടിയതോടെ കട അന്നത്തേക്ക് പൂട്ടാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. അങ്ങനെ ഉദ്ഘാടന ഓഫറിൽ പുലിവാലു പിടിച്ച ഉടമകൾക്ക് ആദ്യ ദിനം തന്നെ കടക്ക് ഷട്ടറിടേണ്ടിവന്നു.
അഞ്ച് പൈസ കൊടുത്തിട്ടും ബിരിയാണി കിട്ടിയില്ലെന്ന പരാതിയുമായും ചിലർ മുന്നോട്ടു വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.