ആന്ധ്രപ്രദേശിൽ രണ്ടാമത്തെ കോവിഡ് സ്ഥിരീകരണം
text_fieldsഒങ്കോൾ: ആന്ധ്ര പ്രദേശിൽ വീണ്ടും ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ നിന്ന് എത്തിയയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഈ മാസം 15നാണ് ഇംഗ്ലണ്ടിൽ നിന്നെത്തിയത്.
കോവിഡ് രോഗ ലക്ഷണങ്ങളായ ജലദോഷം, കഫക്കെട്ട്, പനി തുടങ്ങിയവ കണ്ടതോടെ ഒങ്കോളിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസൊലേഷനിലാക്കുകയായിരുന്നു. ശേഷം ഇയാളുടെ സാമ്പിൾ തിരുപ്പതിയിലുള്ള വൈറോളജി ലാബിലേക്കയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായി. നേരത്തേ ഇറ്റലിയിൽ നിന്ന് എത്തിയ നെല്ലൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ നെല്ലൂർ സർക്കാർ ആശുപത്രിയിൽ ഐസൊലേഷനിലാണ്. കോവിഡ് വൈറസ് ബാധയെന്ന് സംശയിക്കുന്ന മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതുവരെ ആന്ധ്ര പ്രദേശിൽ 105 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 96 എണ്ണവും നെഗറ്റിവ് ആയിരുന്നു. രണ്ട് എണ്ണം മാത്രമാണ് പോസിറ്റിവ്. ഏഴ് സാമ്പിളുകളുടെ പരിശോധന ഫലം വെള്ളിയാഴ്ച വൈകീട്ടോടെ എത്തുമെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വിദേശ പൗരൻമാർക്ക് ഉൾപ്പെടെ 47 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ചണ്ഡിഗഢിൽ ആദ്യ കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23 വയസുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലും ഡൽഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.