കർണാടക എസ്.ഡി.എം മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം രൂക്ഷം; ഇതുവരെ സ്ഥിരീകരിച്ചത് 306 പേർക്ക്
text_fieldsബംഗളൂരു: പരിശോധനയിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിലെ ധാർവാഡ് ജില്ലയിലുള്ള എസ്.ഡി.എം മെഡിക്കൽ കോളജിൽ കോവിഡ് ബാധിതരുടെ എണ്ണം 306 ആയി. സമീപത്തെ രണ്ടു ഹോസ്റ്റലുകൾ സീൽ ചെയ്തു.
വിദ്യാർഥികൾ ഹോസ്റ്റൽ മുറികളിൽതന്നെയാണ് ചികിത്സയിൽ കഴിയുന്നത്. കാമ്പസിൽ വിദ്യാർഥികൾ പുറത്തിറങ്ങുന്നത് പൂർണമായും വിലക്കിയിട്ടുണ്ടെന്നും രോഗ വ്യാപനം തടയാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാമ്പസ് കോവിഡ് ക്ലാസ്റ്റായി പ്രഖ്യാപിച്ചതായും ഈ ആഴ്ച മാത്രം 281 പേർക്കാണ് കോളജിൽ രോഗം സ്ഥിരീകരിച്ചതെന്നും കർണാടക ആരോഗ്യ മന്ത്രി കെ. സുധാകർ പറഞ്ഞു.
കാമ്പസിൽ നടന്ന സാംസ്കാരിക പരിപാടിയാണ് കോവിഡ് വ്യാപനത്തിനിടയാക്കിയത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കർശനമാക്കുമോയെന്ന ചോദ്യവും മന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്താനുള്ള സാചര്യമല്ല നിലവിലുള്ളത്. വിവാഹങ്ങളും മറ്റു ചടങ്ങുകളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എസ്.ഡി.എം കോളജിന്‍റെ 500 ചുറ്റളവിലുള്ള സ്കൂളുകളും കോളജുകളും ധാർവാർഡ് ജില്ല ഭരണകൂടം അടച്ചുപൂട്ടി. കോളജിൽ സന്ദർശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.