ഇന്ത്യയിൽ 56,342 കോവിഡ് ബാധിതർ; 24 മണിക്കൂറിനുള്ളിൽ 103 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3390 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 103 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ഇതിൽ 43 മരണം മഹാരാഷ്ട്രയിലും 29 എണ്ണം ഗുജറാത്തിലുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1886 ആയി.
നിലവിൽ 37,916 പേർ ചികിത്സയിലുണ്ട്. 6539 പേര്‍ രോഗമുക്തി നേടി. കേരളം, ഒഡീഷ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയതിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണങ്ങളുമുണ്ടായ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 1200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 17,974 ആയി. മരിച്ചവരുടെ എണ്ണം 698 ആയി ഉയർന്നു. സംസ്ഥാനത്ത് 3094 പേര്‍ രോഗമുക്തി നേടി.
ഗുജറാത്ത് 6625 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 425 പേർ മരിക്കുകയും ചെയ്തു. ഡല്‍ഹി 5532 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്.
തമിഴ്‌നാട്ടില്‍ 508 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5409 ആയി. ഇതുവരെ 37 പേർക്ക് ജീവൻ നഷ്ടമായി. രാജസ്ഥാന്‍ 3317, മധ്യപ്രദേശ് 3138,ഉത്തർപ്രദേശ് 3,071 എന്നിങ്ങനെ പോകുന്നു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 3.3 ശതമാനമാണെന്നും രോഗമുക്തി നിരക്ക് 28.83 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.