ഡൽഹിയിൽ കോവിഡ് ബാധിതർ കുതിക്കുന്നു; കാരണം എണ്ണിപറഞ്ഞ് ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഉത്സവ സീസണുകൾ വരുന്നതും ശൈത്യകാലവും വായു മലിനീകരണവും സംസ്ഥാനത്ത് കോവിഡ് വീണ്ടും പകരാൻ ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇൗയാഴ്ചയിൽ ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
കോവിഡ് നിരക്ക് ഉയരുന്നതോടെ കേന്ദ്ര സർക്കാർ തിങ്കളാഴ്ച മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തും. വെള്ളിയാഴ്ച പുതുതായി 5891 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 47 മരണവും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ ഒരാഴ്ചയായ വായുമലിനീകരണ നിരക്ക് കുത്തനെ ഉയർന്നിരുന്നു. വായുമലിനീകരണ സൂചിക അപകട നിലയിലാണ് കഴിഞ്ഞ പത്തുദിവസമായി. അന്തരീക്ഷ മലിനീകരണം കോവിഡ് പടർന്നുപിടിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ജനങ്ങൾ കോവിഡിനെതിരെ പുലർത്തിയിരുന്ന ജാഗ്രത കൈവെടിഞ്ഞതായും സത്യേന്ദർ ജെയിൻ കൂട്ടിച്ചേർത്തു. മാസ്ക് ധരിക്കുന്നതിൽ പ്രധാന്യം നൽകുന്നില്ല. കോവിഡിൽനിന്ന് മാത്രമല്ല വായു മലിനീകരണത്തിൽനിന്നും മാസ്ക് രക്ഷനൽകും -അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച എല്ലാവരോടും മാസ്ക് ധരിക്കണമെന്ന അഭ്യർഥനയുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. 'നമ്മൾ ലോക്ഡൗൺ പ്രഖാപിച്ചപ്പോൾപോലും കോവിഡ് നിരക്ക് കുറക്കാൻ സാധിച്ചിരുന്നില്ല. നൂറുശതമാനം പേരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടെ കോവിഡ് ബാധയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞു. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനേക്കാൾ ഫലപ്രദം മാസ്ക് ധരിക്കുന്നതാണ്. വാക്സിൻ എത്തുന്നതുവരെ, മാസ്കിനെ വാക്സിനായി പരിഗണിക്കണം' -അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.