കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മോദി ദയനീയമായി പരാജയപ്പെട്ടെന്ന് എ.ബി.പി-സി വോട്ടർ സർവേ
text_fieldsന്യൂഡൽഹി: കോവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് എ.ബി.പി-സി വോട്ടർ സർവേയിൽ ഭൂരിപക്ഷാഭിപ്രായം. അതേസമയം, ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകിയിരുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കിയ തീരുമാനം സർക്കാറിന്‍റെ ഏറ്റവും വലിയ നേട്ടമായെന്നും സർവേയിൽ പങ്കെടുത്തവർ വിലയിരുത്തി. 543 ലോക്സഭ മണ്ഡലങ്ങളിലെ 1.39 ലക്ഷം ജനങ്ങളിലാണ് സർവേ നടത്തിയത്. ജനുവരി ഒന്നിനും മേയ് 28നും ഇടയിലായിരുന്നു സർവേ.
ഏഴ് വർഷമായി ഭൂരിഭാഗം ജനങ്ങൾക്കിടയിൽ മോദി സർക്കാറിനുണ്ടായിരുന്ന ജനപ്രീതിക്ക് ഇടിവ് സംഭവിച്ചതായും പല കാര്യങ്ങളിലും ജനം നിരാശരാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ
- മോദി സർക്കാറിന്‍റെ ഏറ്റവും വലിയ പരാജയമായി 41.1 ശതമാനം പേരും കാണുന്നത് കോവിഡ് മഹാമാരിയെ നേരിട്ട രീതിയാണ്.
- കാർഷിക നിയമങ്ങൾ രണ്ടാമത്തെ വലിയ പരാജയമായി 23.1 ശതമാനം പേർ കാണുന്നു.
- കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമായിരുന്നെന്നാണ് 60 ശതമാനം പേർ അഭിപ്രായപ്പെട്ടത്.
- ലോക്ഡൗൺ കാലത്ത് സർക്കാറിന്‍റെ സഹായങ്ങൾ ലഭ്യമായില്ലെന്ന് 52 ശതമാനം പേർ പറയുന്നു.
- കോവിഡ് വാക്സിനേഷൻ കൃത്യമായി കൈകാര്യം ചെയ്യാൻ സർക്കാറിന് കഴിയുന്നില്ലെന്ന അഭിപ്രായക്കാരാണ് 43.9 ശതമാനം
- വാക്സിൻ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തെ 34.5ശതമാനം എതിർക്കുന്നു
- ആർട്ടിക്കിൾ 370 റദ്ദാക്കിയത് സർക്കാറിന്‍റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത് 47.4 ശതമാനം പേർ
- 2020ൽ രാജ്യവ്യാപക ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് 68.4 ശതമാനം പേർ പറയുന്നു.
- കോവിഡ് സാഹചര്യത്തിൽ കുംഭമേള പ്രതീകാത്മകമായി നടത്തിയാൽ മതിയായിരുന്നുവെന്ന അഭിപ്രായക്കാരാണ് 55 ശതമാനം.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദിയെക്കാൾ നന്നായി കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുമെന്ന് കരുതുന്നുണ്ടോയെന്ന് ചോദ്യമുണ്ടായിരുന്നു. 63.1 ശതമാനം പേരും മോദി തന്നെയാണ് മികച്ചത് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
മോദി സർക്കാറിന്‍റെ സാമ്പത്തിക തീരുമാനങ്ങളിൽ കോർപറേറ്റുകൾക്കാണ് വൻ നേട്ടമുണ്ടാകുന്നതെന്ന അഭിപ്രായം 64.4 ശതമാനം പേർ രേഖപ്പെടുത്തി. ലഡാക്കിൽ ചൈന കടന്നുകയറിയത് കേന്ദ്ര സർക്കാറിന്‍റെ പരാജയമാണെന്ന് വിലയിരുത്തിയത് 44.8 ശതമാനം പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.