കൊറോണയെ തടയുന്ന ഗോമൂത്രവും ബി.ബി.സിയുടെ അന്വേഷണവും
text_fieldsകോവിഡ് 19 ഇന്ത്യയെ പേടിപ്പിക്കാൻ തുടങ്ങിയിട്ട് അധിക ദിവസമായില്ല. എന്നാൽ ഇന്ത്യയിൽ കോവിഡ് എത്തുന്നതിന് മുന്നേ മറുമരുന്നുകൾ കണ്ടുപിടിച്ചിരുന്നു. ഡോക്ടർമാരും ശാസ്ത്രജ്ഞരുമായിരുന്നില്ല മരുന്ന് കണ്ടുപിടിച്ചത്. ബി.ജെ.പി എം.പിയും യോഗ ഗുരുവുമെല്ലാമായിരുന്നു മഹാമാരിക്ക് ദിവ്യൗഷധം കണ്ടെത്തിയവരിൽ പ്രമുഖർ. ചാണകവും ഗോമൂത്രവും അടക്കമുള്ളവ കൊറോണയെ തടയുമെന്ന വാദമുഖങ്ങളുമായി രാജ്യം ഭരിക്കുന്നവരുടെ കൂട്ടാളികൾ തന്നെ രംഗത്തെത്തുേമ്പാൾ അതിൽ എന്തെങ്കിലും സത്യമുേണ്ടാ എന്ന് അന്വേഷിക്കുകയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബി.ബി.സി).
1. ഗോമൂത്രവും ചാണകവും
ഗോമൂത്രവും ചാണകവും കൊറോണ വൈറസിനുള്ള മരുന്നാണെന്ന് ചൂണ്ടിക്കാട്ടി ആദ്യമെത്തിയത് ബി.ജെ.പി എം.പി സുമൻ ഹരിപ്രിയ ആയിരുന്നു. ഗോമൂത്രവും ചാണകവും കോവിഡിനുള്ള മരുന്നായി ഉപയോഗിക്കാമെന്നായിരുന്നു സുമൻ ഹരിപ്രിയയുടെ വാദം. ഗോമൂത്രത്തിലെ ആൻറി ബാക്ടീരിയൽ ഘടകങ്ങൾ കൊറോണയെ നശിപ്പിക്കും. ഇതോടെ ഹിന്ദു മഹാസഭ നേതാക്കൾ ടീ പാർട്ടി മോഡലിൽ ഗോമൂത്ര സൽക്കാരവും നടത്തി. എന്നാൽ ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റിയിലെ ഡോ. ശൈലേന്ദ്ര സക്സേന ഈ വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്ന് വ്യക്തമാക്കി. ഗോമുത്രത്തിൽ ബാക്ടീരിയകളെയോ വൈറസിനെയോ നശിപ്പിക്കുന്ന യാതൊരു തരത്തിലുമുള്ള ഘടകങ്ങളുമില്ലെന്നും അവർ പറഞ്ഞു.
2. ആൽക്കഹോൾ അടങ്ങാത്ത സാനിറ്റൈസർ
കൊറോണയെ നശിപ്പിക്കാൻ ആൽക്കഹോൾ അടങ്ങാത്ത സാനിറ്റൈസർ ആയിരുന്നു അടുത്ത വാദം. ഈ വാദവുമായി മുന്നോട്ടുവന്നത് പതജ്ഞലി തലവൻ ബാബാ രാംദേവ്. ചാണകസോപ്പും ഗോമൂത്ര സാനിറ്റൈസറും 2018 മുതൽ ഓൺലൈനായി ലഭിക്കും. എന്നാൽ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാരണം സ്റ്റോക്കില്ല. കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ഹാൻഡ് സാനിറ്റൈസറുകൾക്കും വിപണിയിൽ വൻ ഡിമാൻഡായി. കൂടെ ഗോമൂത്രം അടങ്ങിയ എന്നാൽ ആൽക്കഹോൾ അടങ്ങാത്ത സാനിറ്റൈസർ കൊറോണയെ കൊല്ലുമെന്ന പ്രചാരണവും. കച്ചവടതന്ത്രമാണെങ്കിൽപോലും മനുഷ്യനെ കൊല്ലിക്കാൻ ഒരുങ്ങുന്ന കച്ചവടതന്ത്രങ്ങൾ മാറ്റിവെക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. കൂടാതെ ബാബാ രാംദേവ് പ്രമുഖ ഹിന്ദി ചാനലിൽ അവതരിപ്പിച്ച പരിപാടിയിൽ ഹെർബൽ ഹാൻഡ് സാനിറ്റൈസർ വീട്ടിൽ നിർമിക്കാെമന്നും പറഞ്ഞു. ഗോമൂത്രത്തോടൊപ്പം ആയുർവേദ പച്ചിലകളും മഞ്ഞളും തുളസിയിലയും ചേർത്ത് നിർമിക്കുന്ന സാനിറ്റൈസർ കൊറോണയെ നശിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, ലോകാരോഗ്യ സംഘടനയുടെയും യു.എസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ആൽക്കഹോൾ അടങ്ങിയ സാനിറ്റെസറിെൻറ ആവശ്യകതയെക്കുറിച്ച് ഉറപ്പിച്ചു പറയുേമ്പാഴാണ് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഗോമൂത്ര സാനിറ്റൈസറിൻെറ വാദം. വീട്ടിൽ നിർമിക്കുന്ന ഇത്തരത്തിലുള്ള സാനിറ്റൈസറുകൾക്ക് കൊറോണയെ കൊല്ലാൻ കഴിയില്ലെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ പ്രഫ. സാലി ബ്ലൂംഫീൽഡ് പറയുന്നു.
3. വെജിറ്റേറിയനിസം
‘നമുക്ക് വെജിറ്റേറിയനാകാം. കൊറോണ വൈറസിനെ പോലുള്ള വൈറസുകളെ ഇനി സൃഷ്ടിക്കാതിരിക്കാം’ എന്നായിരുന്നു ഹരിയാന ആരോഗ്യമന്ത്രിയുടെ വാദം. ഇത്തരത്തിലുള്ള വൈറസുകൾ നിർമിക്കുന്നത് മാംസാഹാരികളാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ പ്രസ്താവനക്ക് പിന്നാലെ ഹിന്ദു ദേശീയ വാദി സംഘം മാംസാഹാരികളെ ശിക്ഷിക്കണമെന്ന അവകാശവാദവുമായി രംഗത്തുവന്നു. ഇതോടെ മുട്ട, കോഴിയിറച്ചി എന്നിവയുടെ വിൽപ്പനയിൽ വൻ ഇടിവാണ് രാജ്യത്ത് നേരിട്ടത്. ശേഷം മാംസം കഴിച്ചാൽ വൈറസ് വ്യാപിക്കുമെന്ന പ്രസ്താവനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് തന്നെ രംഗത്തുവന്നു.
4. ‘ആൻറികൊറോണ വൈറസ്’ കിടക്കകൾ
കോവിഡ് പേടി രാജ്യമെങ്ങും പടർന്നുപിടിച്ചതോടെ കച്ചവട ബുദ്ധിയോടെ ചിലരും രംഗത്തുവന്നു. 15,000 രൂപയുടെ ‘ആൻറികൊറോണ വൈറസ്’ കിടക്കകൾ വിപണിയിലെത്തി. ഇവ ഫംഗസുകെള നശിപ്പിക്കുമെന്നും അലർജിയെ തടയുമെന്നും പൊടി കയറില്ലെന്നും വെള്ളം നനയില്ലെന്നും കാട്ടി പരസ്യവും ഇറക്കി. ഒരു പേജ് പരസ്യമായിരുന്നു പത്രത്തിൽ ഇടംപിടിച്ചത്. എന്നാൽ പിന്നീട് ഈ പരസ്യം അവർ തന്നെ പിൻവലിച്ചു. ആളുകൾക്ക് ദോഷകരമായി ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നായിരുന്നു കിടക്ക കമ്പനി മാനേജിങ് ഡയറക്ടറുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.