ഡൽഹിയിൽ കോവിഡ് നിയന്ത്രണത്തിന് സൈന്യം; മറുപടി നൽകാൻ കേന്ദ്രത്തോട് ഹൈകോടതി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് സൈന്യത്തിന്‍റെ സഹായം തേടിയ ഡൽഹി സർക്കാറിന്‍റെ ആവശ്യത്തിന് മറുപടി നൽകാൻ കേന്ദ്രത്തോട് ഡൽഹി ഹൈകോടതി. കോവിഡ് 19 ആശുപത്രികളിലേക്കും നിരീക്ഷണ സംവിധാനങ്ങളിലേക്കും തടസമില്ലാതെ ഓക്സിജൻ വിതരണം ലഭ്യമാക്കുന്നതിന്‍റെ നിയന്ത്രണം സൈന്യത്തിന് കൈമാറണമെന്നാവശ്യെപ്പട്ട് ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി ഹൈകോടതിയുടെ നിർദേശം.
ഓക്സിജൻ ലഭ്യത, വിതരണം എന്നിവ ഉറപ്പുവരുത്തുന്ന ചുമതല സൈന്യത്തിന് കൈമാറണം. ഇതൊന്നും കൈകാര്യം െചയ്യാൻ അവിടെ മറ്റാരുമില്ലെന്ന് ഒരു അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിൻ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഡൽഹി ഹൈകോടതി പരിഗണിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റയാണ് ഡൽഹി സർക്കാറിന് വേണ്ടി ഹാജരായത്.
ഓക്സിജൻ വിതരണം കൈകാര്യം ചെയ്യുന്നത് സൈന്യെത്ത ഏൽപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കത്തെഴുതിയതായി ഡൽഹി ഹൈകോടതിയെ അഭിഭാഷകൻ അറിയിച്ചു.
ആശുപത്രിയുടെ നിയന്ത്രണം ജില്ല മജിസ്ട്രേറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ധ്വാരക ആശുപത്രി അധികൃതർ ഹൈകോടതിയിൽ ഉന്നയിച്ചിരുന്നു. 'ആശുപത്രിയുടെ ഉടമകൾ സൗദി അറേബ്യയിലാണ്. ഇവിടത്തെ കാര്യങ്ങൾ അവിടെയിരുന്ന് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ ആശുപത്രിയുടെ താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറാൻ തയാറാണ്. ഞങ്ങൾക്ക് 77 കിടക്കകളും വെന്‍റിലേറ്ററുകളും മറ്റു സൗകര്യങ്ങളുമുണ്ട്. ആശുപത്രി സർക്കാൻ ഏറ്റെടുക്കണം' -ആശുപത്രി അധികൃതർ ഹൈകോടതിയെ അറിയിച്ചു.
കോവിഡ് 19ന്‍റെ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. മിക്കയിടങ്ങളിലും ഒാക്സിജൻ ക്ഷാമവും കിടക്കകളുടെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്.
ശനിയാഴ്ച മാത്രം മുതിർന്ന ഡോക്ടർ ഉൾപ്പെടെ 12 കോവിഡ് രോഗികളാണ് ബത്ര ആശുപത്രിയിൽ മരിച്ചത്. ഓക്സിജൻ ലഭ്യമല്ലാത്തതായിരുന്നു മരണകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.