പെരുവഴിയിൽ
text_fieldsട്രെയിൻ വരുന്നതും കാത്ത് ഉത്തരേന്ത്യ
തൻവീർ അഹ്മദ്
ന്യൂഡൽഹി: കോവിഡ് മഹാമാരി നിയന്ത്രണാതീതമായി പെരുകുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാർഥികളും നഴ്സുമാരും അടക്കം നിരവധി മലയാളികൾ ദുരിതത്തിൽ. ഹോസ്റ്റലുകൾ കോവിഡ് ക്വാറൻറീൻ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും ഉടൻ ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സർവകലാശാല വിദ്യാർഥികൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എങ്ങോട്ടു പോകുമെന്ന് അറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വിദ്യാർഥികൾ. ജോലി നഷ്ടപ്പെട്ടവരും വിദഗ്ധ ചികിത്സക്കായി എത്തിയ നിരവധി മലയാളികളും ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ഹോസ്റ്റൽ ഒഴിയണമെന്നാണു വിദ്യാർഥികൾക്കു നൽകിയിരിക്കുന്ന നിർദേശം. പല ഹോസ്റ്റലുകളിൽ നിർബന്ധപൂർവം ഇറക്കിവിടുന്നു. ജാമിഅ സർവകലാശാലയിലെ -ഒമ്പത് പെൺകുട്ടികളടക്കം 46 വിദ്യാർഥികളും ഡൽഹി സർവകലാശാലയിലെ 17 പെൺകുട്ടികളടക്കം 66 വിദ്യാർഥികളും ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ, ഒരു പെൺകുട്ടി ഉൾപ്പെടെ എട്ടുപേർ ജമ്മു സർവകലാശാലയിലും156 വിദ്യാർഥികളും നാല് മാതാപിതാക്കളും രണ്ട് അധ്യാപകരും പഞ്ചാബിലെ ലവ്ലി സർവകലാശാലയിലും ജയ്പൂരിനടുത്ത സുരേഷ് ഗ്യാൻ വിഹാറിൽ 25 വിദ്യാർഥിനികളും കുടുങ്ങിക്കിടക്കുകയാണ്. ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലും യാത്ര പുറപ്പെടാനാകാതെ മലയാളി വിദ്യാർഥികളുണ്ട്. ഇവരെ ഡല്‍ഹിയില്‍ എത്തിച്ച് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുക എന്നതാണ് ഇപ്പോള്‍ പ്രായോഗികമായ മാര്‍ഗം. രണ്ടു ദിവസത്തിനകം ട്രെയിൻ ലഭ്യമായേക്കും എന്നാണ് കേരള ഹൗസിൽ നിന്നും വിദ്യാർഥികളെ അറിയിച്ചിരിക്കുന്നത്.
ഡല്‍ഹി ഉള്‍െപ്പടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ഏജന്‍സികളില്‍ അടക്കം ജോലി ചെയ്തിരുന്ന ഹോം നഴ്സുമാര്‍ ഉള്‍പ്പടെയുള്ളവരും ജോലി നഷ്പ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നിരവധി സംസ്ഥാനങ്ങൾ കടന്നുപോകേണ്ടതിനാൽ അനുമതി പ്രശ്നങ്ങൾ നിരവധി ഇവർ നേരിടുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഡൽഹിയിലെ കേരള ഹൗസിന് പ്രത്യേക ചുമതല സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഗുജറാത്തിൽ സ്ഥിതി ഗുരുതരം
ഇഖ്ബാൽ ചേന്നര
അഹ്മദാബാദ്: കോവിഡ്-19 വ്യാപനം രൂക്ഷമായ ഗുജറാത്തിൽ കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ യാത്രാനുമതി കാത്ത് ആയിരക്കണക്കിന് മലയാളികൾ. രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണ് ഗുജറാത്തിലേത്. ഇതിൽ 76 ശതമാനവും അഹ്മദാബാദ് നഗരത്തിൽ മാത്രമാണ്. ബറോഡ സർവകലാശാലയിലെയടക്കം നിരവധി മലയാളി വിദ്യാർഥികൾ ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. കച്ച്, ഭുജ് അടക്കമുള്ള വിദൂര മേഖലകളിലെയും മലയാളികൾ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നുണ്ട്. അഹ്മദാബാദിൽനിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ഗാന്ധിധാം, അഹ്മദാബാദ് എന്നിവിടങ്ങളിൽനിന്നുള്ള 1200 മലയാളികളുമായി ചൊവ്വാഴ്ച ആദ്യ ട്രെയിൻ പുറപ്പെടുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഗുജറാത്ത് ഉൾപ്പെട്ടിട്ടില്ല.
ഞങ്ങളും പ്രവാസികൾ അനുകമ്പ കാട്ടണം
ഫൈസൽ വൈത്തിരി
മുംബൈ: കോവിഡ് വ്യാപനം ശക്തമായതോടെ നാടെത്താൻ വഴി തേടി മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിലെ മലയാളികൾ. നോർക്ക വഴി രജിസ്റ്റർ ചെയ്്്ത് കാത്തിരിക്കുന്നവർ സ്വയം വാഹനം പിടിച്ച് പോകേണ്ട അവസ്ഥയാണ്. ലോക്ഡൗണിനെ തുടർന്ന് രണ്ട് മാസമായി വരുമാനം മുട്ടിയവർക്ക് താങ്ങാനാകാത്തതാണ് വാഹനക്കൂലി.
മറ്റ് ചികിത്സക്കായി വന്നവർ, വിദ്യാർഥികൾ, കരാർ ജീവനക്കാർ, പുതുതായി ജോലിയിൽ പ്രവേശിക്കാൻ എത്തിയവർ തുടങ്ങി മുംബൈയിൽ കാലങ്ങളായി താമസിക്കുന്നവരും നാടെത്താൻ ആഗ്രഹിക്കുന്നു. ചിലർ കാറുകളിലും ബസുകളിലുമായി ഇതിനകം നാടെത്തിക്കഴിഞ്ഞു. പുണെ, പിംപ്രി ചിഞ്ച്വാഡിയിലുള്ള 20 ഒാളം ഉപ്പള സ്വദേശികൾ ബസ് പിടിച്ച് നാട്ടിലേക്ക് മടങ്ങി. ദക്ഷിണ മുംബൈയിലെ ഫൗണ്ടനിൽ നിന്ന് കെ.എം.സി.സി ഫൗണ്ടൻ മേഖലയുടെ ശ്രമഫലമായി ഒരു ബസിൽ 25 പേരും നാട്ടിലേക്ക് മടങ്ങി. മുംബൈയിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിനുവേണ്ടി സർക്കാർ സമ്മർദം ചെലുത്തണമെന്നാണ് മലയാളികൾ ആവശ്യപ്പെടുന്നത്.
അതിർത്തിയിൽ ലോക്ഡൗൺ
കെ. രാജേന്ദ്രൻ
ചെന്നൈ: തമിഴ്നാട്ടിൽ കുടുങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായി. സംസ്ഥാനാതിർത്തികളിൽ കേരളാധികൃതർ പരിശോധന കർശനമാക്കിയതും വരുന്നവരുടെ കൈവശം കേരളത്തിലേക്ക് കടക്കാൻ പാസ് ഇല്ലാത്തതുമാണ് പ്രശ്നമാകുന്നത്. ഇ-പാസ് എടുത്ത് സ്വന്തം ചെലവിൽ പോകാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ലോക്ഡൗണിൽ കുടുങ്ങിയ നിരവധി പേരാണ് കേരളാതിർത്തിയിലെത്തുന്നത്. എന്നാൽ, കേരളത്തിലെ യാത്രാനുമതിക്കായി കലക്ടർമാരുടെ പാസുകൾ വാങ്ങാൻ കഴിയാത്തവരാണ് ഇതിൽ ഏറെയും. കേരളത്തിലെ ജില്ല കലക്ടർമാർ പാസുകൾ അനുവദിക്കുന്നതിലെ കാലതാമസവും പ്രശ്നമാവുന്നുണ്ട്. പാസുകളുള്ളവരെ മാത്രമാണ് അതിർത്തി കടത്തുന്നത്. ഇത് വാളയാർ ഉൾപ്പെടെ വിവിധ സംസ്ഥാനാതിർത്തികളിൽ സംഘർഷങ്ങൾക്ക് കാരണമാവുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവരെ നാട്ടിലെത്തിക്കുന്നതിന് കേരളത്തിെൻറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ നോർക്ക റൂട്ട്സ് നോക്കുകുത്തിയായി മാറിയെന്നും ആരോപണമുണ്ട്.
ചെന്നൈയിലും കോയമ്പത്തൂരിലുമായി നൂറുകണക്കിന് മലയാളി വിദ്യാർഥികളും െഎ.ടി ജീവനക്കാരും തൊഴിലാളികളുമാണ് കുടുങ്ങിയിരിക്കുന്നത്. ഇവർക്ക് മലയാളി സംഘടനകൾ ഉൾപ്പെടെ വിവിധ സാമൂഹിക സംഘടനകൾ ഭക്ഷണമെത്തിച്ചുനൽകുന്നത് മാത്രമാണ് ആശ്വാസം. സർക്കാർ അനുമതി നൽകുന്നപക്ഷം കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗജന്യ വാഹന സൗകര്യം ഏർപ്പാടാക്കാമെന്ന് വിവിധ സംഘടനകൾ കേരള സർക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല.
തമിഴ്നാട്ടിൽ രോഗവ്യാപനം കൂടിയതോടെ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളും നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ-കെ.എസ്.ആർ.ടി.സി സർവിസുകൾ ഏർപ്പെടുത്തണമെന്നാണ് മലയാളികളുടെ ആവശ്യം. nonresidenttamil.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് തമിഴ്നാട്ടിലെ യാത്രക്കായി പാസ് വാങ്ങേണ്ടത്.
നെഞ്ചിടിപ്പു കൂടി ബംഗളൂരു
ജിനു നാരായണൻ
ബംഗളൂരു: സ്വന്തമായി വാഹന സൗകര്യമില്ലാത്ത, ടാക്സി വിളിച്ചുപോകാൻ കൈയിൽ പണമില്ലാത്ത ഒരുപാടുപേർ ബംഗളൂരുവിലെ ലോഡ്ജുകളിലും വാടക മുറികളിലും കുടുങ്ങിക്കിടക്കുകയാണ്. വിദ്യാർഥികളും ജോലി തേടിയെത്തിയവരും ജോലി േപായവരും ഇതിൽ ഉൾപ്പെടും. ബംഗളൂരു റെഡ്സോണിലായതിനാൽ കേരളത്തിെൻറ പാസ് അനുവദിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. അതേസമയം, ഇളവുകളെ തുടർന്ന് ജനം തെരുവിലാണ്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ബംഗളൂരുവിനുള്ളിൽ യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ല.
മൊത്തവിതരണ കടകൾ ഉൾപ്പെടെ സജീവമായി. ഇലക്ട്രോണിക്സ് മാർക്കറ്റുകളിൽ ഉൾപ്പെടെ ജനത്തിരക്ക് നിയന്ത്രണാതീതമാണ്. ഇതൊക്കെ കാണുമ്പോൾ നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ നെഞ്ചിടിപ്പും വർധിക്കുകയാണ്. ഇനി നിയന്ത്രണം കടുപ്പിച്ചാൽ നാട്ടിലേക്ക് പോകാനാകില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേക ട്രെയിൻ സർവിസ് നടത്തുമ്പോൾ മറുനാട്ടിലുള്ളവരെ നാട്ടിലെത്തിക്കാൻ എന്തുകൊണ്ട് കേരളം നടപടിയെടുക്കുന്നില്ലെന്നാണ് ഇവർ േചാദിക്കുന്നത്. മലയാളി സംഘടനകൾ വാഹനങ്ങൾ ഏർപ്പെടുത്തി പാസുള്ളവരെ നാട്ടിലെത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.