മഹാരാഷ്ട്രയിൽ കോവിഡിനെ തുരത്താൻ ഹോമിയോയും ആയുർവേദവും
text_fieldsമുംബൈ: കോവിഡ് അതിവേഗം പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിൽ പ്രതിരോധത്തിന് ഹോമിയോ, ആയുർവേദ, യുനാനി മരുന്നുകൾ ഉപയോഗിക്കാൻ അനുമതി നൽകി. സംസ്ഥാന സർക്കാർ രൂപവത്കരിച്ച ടാസ്ക് ഫോഴ്സ് ആയുർവേദ, യുനാനി, ഹോമിയോ മരുന്നുകളുടെ പട്ടിക കൈമാറി. ഗ്രാമപ്രദേശങ്ങളിൽ 55 വയസിന് മുകളിലുള്ളവരെ കണ്ടെത്തി ഹോമിയോ മരുന്നായ ആർസെനിക്കം ആൽബം 30 വിതരണം ചെയ്യും.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാകാത്തതിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.
രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന ആറോളം നഗരങ്ങളിൽ ആർസെനിക്കം ആൽബം 30 എന്ന ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന് ആയുഷ് മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, സൂറത്ത്, ഹൈദരബാദ്, മച്ചിലിപട്ടണം എന്നിവിടങ്ങളിലാണ് മരുന്ന് വിതരണം ചെയ്യുകയെന്ന് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപതി വ്യക്തമാക്കി.
ആർസെനിക്കം ആൽബം 30 കോവിഡിനെ തുരത്തുമെന്ന് ഉറപ്പു പറയാനാകില്ല. എന്നാൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഈ മരുന്ന് ഉപയോഗിക്കാനാകും. കോവിഡിനെതിരെ അശാസ്ത്രീയമായ ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ നിരവധി ഹോമിയോ വിദഗ്ധർ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
മേയിൽ മുംബൈയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ആർസെനിക്കം ആൽബം 30 വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂൺ എട്ടിന് സർക്കാർ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയതോടെ മുംബൈയിലെ 24 വാർഡുകളിലും ഗുളിക വിതരണം ആരംഭിച്ചു.
ജൂൺ എട്ടിനാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന യുനാനി, ആയുർവേദ, ഹോമിയോ ഗുളികകളുടെ പട്ടികകൾ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചത്. ഇതിൽ ആർസെനിക്കം ആൽബം 30 തുടർച്ചയായ മൂന്നുദിവസം നാലുഗുളിക വീതം വെറുംവയറ്റിൽ ഉപയോഗിക്കാനായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.