രാജ്യത്തെ രോഗമുക്തി നിരക്ക് 70 ശതമാനത്തിനടുത്ത്; മരണനിരക്ക് രണ്ടുശതമാനത്തിൽ താഴെ
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 70 ശതമാനത്തോളം ഉയർന്നതായും മരണനിരക്ക് രണ്ടു ശതമാനത്തിൽ താഴെയായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 69.80 ശതമാനവും മരണനിരക്ക് 1.99 ശതമാനവുമാണ്. കണ്ടെയ്ൻമെൻറ് മേഖലകളിൽ നിയന്ത്രണം ശക്തമാക്കിയതും പരിശോധനകളുടെ എണ്ണം കുത്തനെ ഉയർത്തിയതും അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പ്രത്യേക ശ്രദ്ധ നൽകി പരിചരിച്ചുപോന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാൻ കാരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കി ചികിത്സിക്കുന്ന നടപടി ഫലപ്രദമായി നടപ്പാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,746 രോഗികൾ ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ 15,83,489 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 6,39,929 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ 28.21 ശതമാനം മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് 22,68,675 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 53,601 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 45,257 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.