കോവിഡ് മൂന്നാം തരംഗം ആഗസ്റ്റിലെത്തും, തീവ്രവ്യാപനം സെപ്റ്റംബറിലെന്ന് എസ്.ബി.ഐ റിപ്പോർട്ട്
text_fieldsന്യുഡൽഹി: കോവിഡ് പിടിമുറുക്കിയ ഒന്നും രണ്ടും തരംഗങ്ങൾക്ക് പിന്നാലെ രാജ്യത്തെ ആശുപത്രിക്കിടക്കയിലാക്കാൻ മൂന്നാം തരംഗം വൈകാതെയെത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസം രാജ്യം കീഴടക്കുന്ന കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിൽ അതിതീവ്ര വ്യാപന ഘട്ടത്തിലെത്തുമെന്നും 'എസ്.ബി.ഐ റിസർച്ച്' തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
നിലവിലെ സൂചനകൾ പരിഗണിച്ചാൽ ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് ബാധിതരുടെ എണ്ണം 10,000ത്തിലേക്ക് ചുരുങ്ങും.
എന്നാൽ, ആഗസ്റ്റ് മൂന്നാം വാരത്തോടെ എണ്ണം കൂടിയേക്കും. അത് മൂന്നാം തരംഗത്തിെൻറ ആരംഭമാകും. ആഴ്ചകൾ പിന്നിടുന്നതോടെ അതിതിവ്ര വ്യാപനഘട്ടമാകും.
രണ്ടാം തരംഗം ഏറ്റവും ഉയർന്ന സമയത്തുണ്ടായിരുന്നതിനെക്കാൾ കൂടുതലാകും അന്ന് കണക്കുകൾ- 1.7 ഇരട്ടി.
രണ്ടാം തരംഗത്തോളം തീവ്രതയുള്ളതാകും മൂന്നാമത്തേതെന്നും എന്നാൽ, മരണസംഖ്യ കുറയാമെന്നും കഴിഞ്ഞ മാസം എസ്.ബി.ഐ റിസർച്ച് പഠന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. രണ്ടാം തരംഗം മുഹൂർത്തത്തിലായ മേയ് ഏഴിന് 4,14,188 ആയിരുന്നു 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം. എന്നാൽ, താഴോട്ടുള്ള പ്രവണത തുടരുന്ന രാജ്യത്ത് തിങ്കളാഴ്ചത്തെ കണക്ക് 39,796 ആണ്. മൊത്തം രോഗ ബാധിതർ 3,05,85,229ഉം. നാലു ലക്ഷത്തിലേറെ പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.