കോവിഡ് പ്രതിരോധ മരുന്നുകൾ വാങ്ങിക്കൂട്ടി: ഗംഭീറടക്കമുള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പി ഗൗതം ഗംഭീറടക്കമുള്ള രാഷ്ട്രീയ നേതാക്കൾ കോവിഡ് പ്രതിരോധ മരുന്നുകൾ വൻതോതിൽ കൈക്കലാക്കുകയും അടുപ്പക്കാർക്ക് വിതരണം ചെയ്യുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ഡൽഹി ഹൈകോടതി ഡ്രഗ് കൺട്രോളറിനോട് ആവശ്യപ്പെട്ടു. ആം ആദ്മി എം.എൽ.എമാരായ പ്രീതി തോമർ, പ്രവീൺ കുമാർ എന്നിവർ അമിതമായി മെഡിക്കൽ ഓക്സിജൻ സൂക്ഷിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും സമാനമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും ഡൽഹി സർക്കാറിന്‍റെ ഡ്രഗ് കൺട്രോളറിന് ജസ്റ്റിസുമാരായ വിപിൻ സംഘി, ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഫാബിഫ്ലു സ്ട്രിപ്പുകൾ ഒരാൾക്ക് രണ്ടായിരത്തിലധികം എങ്ങനെ ലഭിച്ചുവെന്ന് ഡ്രഗ് കൺട്രോളർ പരിശോധിക്കണം. ഈ മരുന്നിന് വലിയ ക്ഷാമമാണ് നേരിടുന്നത്. ഗൗതം ഗംഭീർ നല്ല ഉദ്ദേശ്യത്തോടെയാകാം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ ഞങ്ങൾ സംശയിക്കുന്നില്ല. അദ്ദേഹം നമ്മുടെ രാജ്യത്തിന്‍റെ അഭിമാന താരമായിരുന്നു.
എന്നാൽ, മരുന്ന് കുറവായിരിക്കുമ്പോൾ ഇത് ഉത്തരവാദിത്തമുള്ള പെരുമാറ്റമാണോ എന്നതാണ് ചോദ്യമെന്നും കോടതി പറഞ്ഞു. രോഗികൾ മരുന്നിനായി അലയുേമ്പാൾ രാഷ്ട്രീയക്കാർക്ക് വൻതോതിൽ സംഭരിക്കാനും ഇഷ്ടക്കാർക്ക് വിതരണം ചെയ്യാനും സാധിക്കുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
സഞ്ജയ് ഗാർഗ് ആശുപത്രിയിലെ ഡോ. മനീഷിന്‍റെ കുറിപ്പടി പ്രകാരം 2628 സ്ട്രിപ്പ് ഫാബിഫ്ലു ആണ് ഗംഭീർ സ്വന്തമാക്കിയത്. ഇതിൽ 2,343 സ്ട്രിപ്പുകൾ രോഗികൾക്ക് വിതരണം ചെയ്തതായും ഡൽഹി പൊലീസ് അറിയിച്ചു. ബാക്കി 285 സ്ട്രിപ്പുകൾ കോടതിയുടെ നിർദേശപ്രകാരം ഡൽഹി സർക്കാറിന്‍റെ ആരോഗ്യ സേവന ഡയറക്ടർ ജനറലിനായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.