രാജ്യത്ത് മൂന്നാം ദിവസവും മൂന്ന് ലക്ഷം കടന്ന് കോവിഡ്; രോഗമുക്തി നിരക്കിൽ കുറവ്
text_fieldsന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും മൂന്ന് ലക്ഷം കടന്ന് കോവിഡ്. 3.33 ലക്ഷം പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ കുറവാണിത്.
17.78 ശതമാനമാണ് പ്രതിദിന രോഗവ്യാപന നിരക്ക്. 525 പേർ മരണപ്പെട്ടു. ആകെ രോഗബാധിതരുടെ 5.57 ശതമാനം സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.
അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.18 ശതമാനമായി കുറഞ്ഞത് ആശങ്കയാണ്. ഇതുവരെ 161.81 കോടി ജനങ്ങളാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. 79,78,438 ബൂസ്റ്റർ ഡോസുകൾ തെരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 46,393 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 74.66 ലക്ഷം കടന്നു. 416 ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 48 മരണവും സ്ഥിരീകരിച്ചു.
മുംബൈയിൽ മാത്രം 3,568 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 28 ശതമാനം കുറവാണിത്.
ഡൽഹിയിൽ ജൂൺ അഞ്ചിന് ശേഷം ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തു. 45 പേരാണ് 24 മണിക്കൂറിനിടെ രാജ്യ തലസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. 16 കോവിഡ് മരണങ്ങളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 23,038 ആയി. 16,740 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതതോടെ യു.പിയിൽ ആകെ കേസുകളുടെ എണ്ണം 19,33,165 ആയി.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനുവരി 30 വരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ രോഗമുക്തി നിരക്ക് 20 ശതമാനമായി. 20,000 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
45,136 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആകെ 55,74,702 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് അണുബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 30,744 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 31,01,410 പേർക്കാണ് .
2019ൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ 5,572,224 പേരാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. യു.എസിലാണ് ഏറ്റവും ഉയർന്ന മരണ നിരക്ക്. 860,248 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ബ്രസീലിൽ 622,205 പേരും ഇന്ത്യയിൽ 488,884 പേരും റഷ്യയിൽ 324,752 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.