കോവിഡ് മരണ ധനസഹായം: കേരളത്തിൽ അപേക്ഷ കുറഞ്ഞത് എന്തുകൊണ്ട്? സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകുന്നതിൽ വീഴ്ചവരുത്തിയ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. 49,000 കോവിഡ് മരണങ്ങള് രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ ധനസഹായത്തിന് 27,274 അപേക്ഷകള്‍മാത്രം ലഭിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കൂടുതല്‍ കോവിഡ് മരണങ്ങള് രജിസ്റ്റര്‍ ചെയ്യപ്പെടുകയും നഷ്ടപരിഹാരത്തിന് കുറച്ച് അപേക്ഷകള്‍മാത്രം ലഭിക്കുകയും ചെയ്ത സംസ്ഥാനങ്ങളുടെ കാര്യത്തില്‍ നേരിട്ട് ഇടപെടുമെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പു നല്കി. അപേക്ഷ നൽകാത്തവരുടെ വീടുകളിലെത്തി ജില്ല, താലൂക്ക് തല ഉദ്യോഗസ്ഥർ ധനസഹായം സംബന്ധിച്ച് വിശദീകരിക്കണമെന്നും ലഭിച്ച അപേക്ഷകളിൽ ഒരാഴ്ചക്കകം തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഉള്‍പ്പടെ നഷ്ടപരിഹാര വിതരണം ഉറപ്പുവരുത്തുന്നതിനായി ലീഗല്‍ സര്‍വിസ് അതോറിറ്റികളെ ഓംബുഡ്സ്മാന് ആയി നിയമിച്ച് ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കി.
ആന്ധ്രപ്രദേശ്, ബിഹാര്‍ ചീഫ് സെക്രട്ടറിമാരെ ജസ്റ്റിസുമാരായ എം.ആര് ഷാ, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിളിച്ചുവരുത്തി ശാസിച്ചു. കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തിനുള്ള 4,000 അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഗുജറാത്തിനും നിര്‍ദേശം നല്കി.
അർഹരായവരുടെ അപേക്ഷയിൽ ധനസഹായം നൽകുന്നതിൽ വീഴ്ചവരുത്തിയത് കോടതിയുടെ മുൻ ഉത്തരവിന്റെ ലംഘനമാണ്. കുടുംബത്തിലെ ഏക ആശ്രയത്തെ ആയിരിക്കും കോവിഡ് കവര്‍ന്നെടുത്തത്. ക്ഷേമപ്രവര്‍ത്തനം എന്ന നിലയിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കേണ്ടത്. അതൊരു ക്ഷേമ സംസ്ഥാനത്തിന്റെ കടമയുമാണ്. ചുവപ്പു നാടകളില്‍ കുരുക്കിയും താമസം വരുത്തിയും അപേക്ഷകളില്‍ തീര്പ്പുകല്പിക്കാതിരിക്കുന്നത് നല്ല പ്രവണതയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനുവരി 10 വരെ 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേരളം സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി. 27,274 പേരുടെ ബന്ധുക്കള്‍ ധനസഹായത്തിന് അപേക്ഷിച്ചു. 23,652 അപേക്ഷകളിൽ ധനസഹായം നൽകി. 2,847 എണ്ണത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. 178 അപേക്ഷകൾ നിരസിച്ചു. 891 അപേക്ഷകൾ മടക്കി. ധനസഹായം നൽകുന്നത് സംബന്ധിച്ച് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നൽകിയിട്ടുണ്ടെന്നും കേരളം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.