കോവിഡ്: സായുധ സേനകൾക്ക് അടിയന്തര സാമ്പത്തിക അധികാരം നൽകി പ്രതിരോധ മന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് രോഗികൾക്കായി ആശുപത്രികൾ സ്ഥാപിക്കാനും അവ പ്രവർത്തിപ്പിക്കാനും ക്വാറൈൻറൻ സൗകര്യമൊരുക്കാനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സായുധ സേനകൾക്കും അടിയന്തര സാമ്പത്തിക അധികാരം നൽകി. മെയ് ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള മൂന്ന് മാസത്തേക്കാണ് അടിയന്തര അധികാരങ്ങൾ നൽകിയത്.
കഴിഞ്ഞയാഴ്ച സായുധ സേനയിലെ മെഡിക്കൽ ഓഫിസർമാർക്ക് നൽകിയ സമാന അധികാരങ്ങൾക്ക് പുറമെയാണിത്. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ ആർമി, നേവി, എയർഫോഴ്സ് എന്നിവയുടെ ഉപ മേധാവികൾക്കും ജനറൽ ഓഫിസർ കമാൻഡിംഗ്-ഇൻ-ചീഫുകൾക്കും തുല്യ റാങ്കിലുള്ളവർക്കും ചുമതല നൽകും.
കോവിഡിനെതിരായ രാജ്യവ്യാപക പ്രതിരോധം ത്വരിതപ്പെടുത്താൻ സായുധ സേനയെ പ്രാപ്തരാക്കാനാണ് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുകയും അടിയന്തര സാമ്പത്തിക അധികാരങ്ങൾ നൽകുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
'ഈ അധികാരങ്ങൾ കമാൻഡർമാരെ ക്വാറൈൻറൻ സൗകര്യങ്ങൾ ഒരുക്കൽ, ആശുപത്രികൾ സ്ഥാപിക്കൽ, അതിെൻറ പരിപാലനം, സാധനങ്ങളുടെ ക്രയവിക്രയം, സൂക്ഷിക്കൽ എന്നിവക്ക് സഹായിക്കും. കൂടാതെ മറ്റു വിവിധ സേവനങ്ങളും കോവിഡിനെതിരായ നിരന്തരമായ ശ്രമങ്ങളെ പിന്തുണക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും നൽകാൻ സഹായിക്കും' ^ മന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
സൈനിക വിഭാഗം കമാൻഡർമാർക്കും ഏരിയ കമാൻഡർമാർക്കും ഒരു കേസിന് 50 ലക്ഷം രൂപ വരെയും ഡിവിഷൻ കമാൻഡർമാർക്കും സബ് ഏരിയ കമാൻഡർമാർക്കും തതുല്യരായവർക്കും 20 ലക്ഷം രൂപ വരെയും അധികാരം നൽകി. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോഴും അടിയന്തര അധികാരങ്ങൾ സായുധ സേനക്ക് അനുവദിച്ചിരുന്നു. അധികാരം നൽകുന്നത് സായുധ സേനയെ സ്ഥിതിഗതികൾ വേഗത്തിലും ഫലപ്രദമായും നേരിടാൻ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് അനുബന്ധ ജോലികളുടെ നിർവഹണത്തിനായി സായുധ സേനയിലെ മെഡിക്കൽ സേവനങ്ങളുടെ ഡയറക്ടർ ജനറലുമാർക്ക് കഴിഞ്ഞ ആഴ്ച മന്ത്രാലയം അഞ്ച് കോടി രൂപ വരെയുള്ള അടിയന്തര സാമ്പത്തിക അധികാരം അനുവദിച്ചിരുന്നു. പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തുടനീളമുള്ള സർക്കാറുകൾക്ക് പിന്തുണ നൽകാൻ പരമാവധി ശ്രമിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സായുധ സേനക്കും മറ്റ് വിഭാഗങ്ങൾക്കും മന്ത്രി രാജ്‌നാഥ് സിങ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.