കോവിഡ് ദുരിതം: കുട്ടികളുടെ സംരക്ഷണത്തിന് മാർഗനിർദേശങ്ങളായി
text_fieldsന്യൂഡൽഹി: കോവിഡ് കെടുതികൾ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ മാർഗനിർദേശങ്ങളുമായി കേന്ദ്രം. മഹാമാരിയിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികളുടെ എണ്ണം 9346ഉം രണ്ടുപേരെയും നഷ്ടമായ കുട്ടികളുടെ എണ്ണം 1700ലും എത്തിയ സാഹചര്യത്തിലാണ് കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി നിർദേശിച്ചത്. സംസ്ഥാനങ്ങൾ, ജില്ല മജിസ്ട്രേറ്റുമാർ, പൊലീസ്, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, കോർപറേഷൻ, നഗരസഭകൾ എന്നിവരുടെ ഉത്തരവാദിത്തത്തിലാണ് നടപടികൾ വേണ്ടതെന്ന് വനിത- ശിശു വികസന മന്ത്രാലയം സെക്രട്ടറി രാം മോഹൻ മിശ്ര സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച ഉത്തരവിൽ പറയുന്നു.
പ്രധാന നിർദേശങ്ങൾ:
1. കോവിഡിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ട്രാക് ചൈൽഡ് പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാന സർക്കാറുകളാണ് ഇത് ചെയ്യേണ്ടത്.
2. കോവിഡ് ബാധിച്ച മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കാൻ അടുത്ത ബന്ധുക്കൾ ഇല്ലെങ്കിൽ ഇവരെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.
3. ആശുപത്രികളിലെത്തുന്ന രോഗികളോട് കുട്ടികളുടെ സംരക്ഷണത്തിന് ആരാണ് ഉള്ളതെന്ന വിവരം കൂടി എഴുതിവാങ്ങണം. എന്തെങ്കിലും സംഭവിച്ചാൽ മുൻകരുതൽ എടുക്കാനാണിത്.
4. കോവിഡ് പിടിപെടുന്ന കുട്ടികൾക്ക് ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സൗകര്യമൊരുക്കണം.
അവരുടെ രജിസ്റ്റർ തയാറാക്കണം. മനഃശാസ്ത്രജ്ഞർ, കൗൺസലർമാർ എന്നിവരുടെ സേവനവും ഏർപ്പെടുത്തണം.
5. കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകൾ കുറക്കാൻ പ്രാദേശിക ഹെൽപ്ലൈൻ നമ്പർ വഴി മനഃശാസ്ത്ര വിദഗ്ധരുടെ സേവനം നൽകണം.
6. ജില്ല മജിസ്ട്രേറ്റിെൻറ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ദൗത്യ സംഘങ്ങൾ രൂപവത്കരിക്കണം.
7. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, അനധികൃത ദത്തെടുക്കൽ, ശൈശവ വിവാഹം, ബാലവേല തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും തടയാൻ കർശന നടപടി സ്വീകരിക്കണം.
8. മഹാമാരി അനാഥരാക്കിയ എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളുകൾ വഴി സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം. കുട്ടിയുടെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് ഏറ്റവും അടുത്തുള്ള സ്വകാര്യ സ്കൂളിലും പ്രവേശനം നൽകാം. അർഹതയുള്ള സ്കോളർഷിപ് പദ്ധതികളിലും ഇവരെ ഉൾപ്പെടുത്താൻ നടപടിയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.