സുപ്രീംകോടതി കോവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവേ പിന്മാറി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ ക്ഷാമം അടക്കം നിലവിലെ ദുഃസ്ഥിതി മുൻനിർത്തി സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ പിന്മാറി. കേസിൽ സുപ്രീംകോടതിയെ സഹായിക്കാനായി നിയോഗിച്ച അമിക്കസ്ക്യൂറി പദവിയിൽ നിന്നാണ് സാൽവേ പിന്മാറിയത്. കേസിൽ നിന്ന് പിന്മാറാൻ സാൽവേ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു.
ഓക്സിജൻ ക്ഷാമം അടക്കം നിലവിലെ ദുഃസ്ഥിതി മുൻനിർത്തി സ്വമേധയാ കേസെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. ഓക്സിജൻ, കോവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാറിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് രണ്ടാം തരംഗപ്പടർച്ച ദേശീയതല അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സർക്കാർ ദേശീയ പദ്ധതി ഉണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓക്സിജൻ, കോവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാറിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രസർക്കാർ വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിരുന്നു.
വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കോവിഡ് സംബന്ധമായ എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാനും നീക്കമുണ്ട്. ഡൽഹി, ബോംബെ, മധ്യപ്രദേശ്, അലഹബാദ്, കൊൽക്കത്ത, സിക്കിം ഹൈേകാടതികൾ ഓക്സിജൻ ക്ഷാമത്തിലും മറ്റും കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശക്തമായ ഇടപെടൽ നടത്തിയിരുന്നു. അതിനിടെ, ഡൽഹിക്ക് പൂർണതോതിൽ ഓക്സിജൻ നൽകാനും ഓക്സിജൻ ടാങ്കറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാറിന് ഹൈകോടതി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.