കോവിഡ്: ഇന്ത്യയിൽ ലോക്ഡൗൺ സാഹചര്യമില്ലെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയോ ലോക്ഡൗൺ പ്രഖ്യാപിക്കുകയോ വേണ്ടതില്ലെന്ന് വിദഗ്ധർ. എന്നാൽ, ചില രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാഗ്രതയും തുടരണം.
ഇന്ത്യയിൽ വാക്സിനേഷൻ വഴി ശക്തിപ്പെടുത്തുന്ന സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ ഗുരുതരമായ കോവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കലും പുതുതായി പൊട്ടിപ്പുറപ്പെടാൻ സാധ്യതയില്ല.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വലിയ തോതിൽ വർധിക്കാത്തതിനാൽ നിലവിലെ സാഹചര്യം ആശ്വാസകരമാണെന്ന് എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ചൈനയിൽ മറ്റൊരു തരംഗത്തിന് തുടക്കമിട്ട ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എഫ് 7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സ്വഭാവിക പ്രതിരോധശേഷി വർധിച്ചതിനാൽ വലിയ തോതിൽ വ്യാപനമുണ്ടാവില്ലെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല -അദ്ദേഹം പറഞ്ഞു.
ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത തുടരണമെന്ന് സഫ്ദർജംഗ് ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗത്തിലെ പ്രഫസർ ഡോ. നീരജ് ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.