വിദ്യാർഥികളടക്കം 100ഓളം പേർക്ക് കോവിഡ്; ഐ.ഐ.ടി മദ്രാസ് അടച്ചു
text_fieldsചെന്നൈ: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മദ്രാസ് ഐ.ഐ.ടി 100ഓളം കേസുകളുമായി കോവിഡ് ക്ലസ്റ്ററായി മാറി. കൂടുതൽ പേർക്ക് ഇവിടെ രോഗബാധക്ക് സാധ്യതയുമുണ്ട്. ഒരു മെസ് മാത്രം പ്രവർത്തിപ്പിക്കാനുള്ള തീരുമാനമാണ് രോഗം വ്യാപകമായി പടരാൻ കാരണമായതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഇവിടെ മാസ്ക് ഉപയോഗിക്കാൻ കഴിയാത്തതും നിരവധി പേർ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ എത്തുന്നതും പ്രശ്നത്തിെൻറ ആഘാതം കൂട്ടി. മൊത്തം 774 വിദ്യാർഥികളാണ് കാമ്പസിലുണ്ടായിരുന്നത്. ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഗവേഷകരുമായിരുന്നു ഇതിലധികവും. രോഗബാധിതരിൽ ഭൂരിഭാഗവും കൃഷ്ണ, യമുന എന്നീ രണ്ട് ഹോസ്റ്റലുകളിൽ താമസിക്കുന്നവരാണ്.
കോവിഡ് പടർന്നതോടെ ഐ.ഐ.ടിയിലെ എല്ലാ വകുപ്പുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലിചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
പനി, വരണ്ട ചുമ, തൊണ്ടവേദന, വയറിളക്കം, രുചി / മണം നഷ്ടപ്പെടൽ, മറ്റേതെങ്കിലും ലക്ഷണങ്ങളുള്ളവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിർദേശമുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണം റൂമുകളിൽ എത്തിച്ചുനൽകും.
66 വിദ്യാർഥികൾക്കും അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 33 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 20 ശതമാനമാണ് ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ചവർ സുഖംപ്രാപിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് പടർന്നതോടെ എല്ലാ വിദ്യാർഥികളെയും പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ നിർദേശിച്ചു. ഒപ്പം വിദ്യാർഥികൾ രണ്ടാഴ്ച ക്വാറൻറീനിൽ കഴിയുകയും വേണം. അതേസമയം, ഇവർക്ക് ആവശ്യമായ ക്വാറൻറീൻ സൗകര്യം കുറവാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.