23,123 കോടിയുടെ കോവിഡ് പാക്കേജിന് കേന്ദ്ര അനുമതി
text_fieldsന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് 23,123 കോടിയുടെ സാമ്പത്തിക പാക്കേജിന് വ്യാഴാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഈ വർഷം ജൂലൈ ഒന്നിന് തുടങ്ങി 2022 മാർച്ച് 31നുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി പാക്കേജ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് നേരിടുന്നതിന് ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പുനഃസംഘടനക്കു ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
കോവിഡ് ആശുപത്രികളും രാജ്യത്തുടനീളം ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനായി 15,000 കോടി രൂപയുടെ കോവിഡ് പാക്കേജ് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജ് അനുസരിച്ച് 15000 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. 8123 കോടി സംസ്ഥാന സർക്കാറുകൾ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക.
രാജ്യത്ത് 736 ജില്ലകളിലായി ശിശുരോഗ വകുപ്പുകൾ തുടങ്ങും. 2.4 ലക്ഷം സാധാരണ മെഡിക്കൽ െബഡുകളും 20,000 െഎ.സി.യു ബെഡുകളും ഒരുക്കും. ഇതിൽ 20 ശതമാനം കുട്ടികൾക്കായി നീക്കിവെക്കും. ഓക്സിജനും മരുന്നും സംഭരിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സംവിധാനം ഉണ്ടാക്കും. രോഗം നിർണയിക്കുന്നതിനും തടയുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിനും പദ്ധതി തയാറാക്കും. കുട്ടികളുടെ ചികിത്സക്ക് ഊന്നൽ നൽകുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ ഓക്സിജെൻറയും മരുന്നിേൻറയും ലഭ്യതക്കുറവായിരുന്നു രണ്ടാം തരംഗ കാലത്തെ പ്രധാന പ്രശ്നം. അത് ആവർത്തിക്കപ്പെടാതിരിക്കുകയാണ് ലക്ഷ്യം.
പാക്കേജിന് കീഴിൽ ദേശീയ ടെലി മെഡിസിൻ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനി വിപുലീകരിക്കുകയും ദിവസവും അഞ്ച് ലക്ഷം പേർക്ക് ഓൺലൈൻ ചികിത്സ തേടാൻ സൗകര്യമൊരുക്കുകയും ചെയ്യും. ദിനംപ്രതി 21.5 ലക്ഷം ടെസ്റ്റ് നടത്താൻ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.