രാജ്യത്ത് രോഗമുക്തർ കൂടി; മരണനിരക്ക് കുറഞ്ഞു
text_fieldsന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വൻ വർധന കാണിക്കുേമ്പാഴും രോഗമുക്തർ കൂടുന്നതും മരണനിരക്കിലെ കുറവും പ്രതീക്ഷയുടെ നേർത്ത കിരണമാകുന്നു. പ്രതിദിന വർധന അരലക്ഷത്തിനുമേൽ സഞ്ചരിച്ച് ആകെ രോഗബാധിതരുടെ എണ്ണം 17 ലക്ഷം കവിഞ്ഞപ്പോഴാണ്, രോഗമുക്തർ 11 ലക്ഷം കടന്നത്. 65.44 ശതമാനമാണ് രോഗമുക്തി നിരക്ക്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കാണിത്. ഇതനുസരിച്ച് നിലവിൽ 5.77 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അതായത് ആകെ രോഗബാധിതരുടെ 32.43 ശതമാനം.
പ്രതിദിനം കോവിഡ് ഭേദമാകുന്നവരുടെ എണ്ണവും അര ലക്ഷം കവിഞ്ഞിട്ടുണ്ട്്. ഇതിനൊപ്പം മരണനിരക്ക് 2.13 ശതമാനമായി താഴ്ന്നു. പ്രതിദിന കണക്കെടുത്താൽ, നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ എണ്ണൂറിലേറെ പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയവരുടെ വിവരങ്ങൾ ചേർത്ത് വിപുലമായ രജിസ്റ്റർ തയാറാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) തീരുമാനിച്ചു. നൽകിയ ചികിത്സയുടെ വിശദാംശങ്ങളടക്കം പരിശോധിച്ച് ഫലപ്രാപ്തി, വ്യാപനരീതി, പ്രതികരണം എന്നിവ വിലയിരുത്താനാണ് രജിസ്റ്റർ തയാറാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ആരോഗ്യമന്ത്രാലയം, എയിംസ് എന്നിവയുമായി സഹകരിച്ച് ദേശീയ ക്ലിനിക്കൽ രജിസ്ട്രി തയാറാക്കാനാണ് ഐ.സി.എം.ആർ ശ്രമം തുടങ്ങിയത്. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഗവേഷകർക്കും നയരൂപവത്കരണ വിദഗ്ധർക്കും സഹായകരമാവുന്ന വിവരങ്ങൾ ഇതിലൂടെ ലഭ്യമാവുമെന്നാണ് ഐ.സി.എം.ആർ പറയുന്നത്.
''രോഗബാധിതരായി ആശുപത്രിയിൽ ചികിത്സക്കു വിധേയരായവരുടെ ലബോറട്ടറി വിവരങ്ങൾ, ജനസംഖ്യാപരമായ വിശദാംശങ്ങൾ, ഇതോടൊപ്പം വന്ന മറ്റു അസുഖങ്ങൾ, ചികിത്സാഫലം, സങ്കീർണതകൾ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കും'' -അധികൃതർ പറഞ്ഞു. കോവിഡ് ബാധ സംബന്ധിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഗവേഷകർക്കും ഭരണകൂടത്തിനും ശരിയാംവിധം പോരാട്ടം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നും ഐ.സി.എം.ആർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.