ചൈനയടക്കം അഞ്ച് രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം
text_fieldsന്യൂഡൽഹി: ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഏതു വെല്ലുവിളിയും നേരിടാൻ പാകത്തിൽ ആശുപത്രികളിൽ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ, വെന്‍റിലേറ്റർ, മറ്റ് ജീവൻരക്ഷ ഉപകരണങ്ങൾ എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ.
ഓക്സിജൻ ഉൽപാദന പ്ലാന്‍റുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമാകണം. ഇതിന്‍റെ പരിശോധനക്ക് മോക്ഡ്രിൽ നടത്തണം. കോവിഡ് കേസുകൾ രാജ്യത്ത് ഇപ്പോൾ കുറവാണ്. എങ്കിലും മെഡിക്കൽ സന്നാഹങ്ങൾ തയാറാകേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി എഴുതിയ കത്തിൽ പറഞ്ഞു.
ഇതിനിടെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. ആരോഗ്യ സ്ഥിതിയെക്കുറിച്ച ഫോറം പൂരിപ്പിച്ചു നൽകുകയും വേണം. കോവിഡ് പോസിറ്റിവായവരെ കണ്ടെത്തിയാൽ ക്വാറൻറീൻ ചെയ്യണമെന്നും ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു.
നിലവിലെ കോവിഡ് സാഹചര്യം മുൻനിർത്തി അന്താരാഷ്ട്ര വിമാനങ്ങൾ വിലക്കുകയോ ലോക്ഡൗൺ ഏർപ്പെടുത്തുകയോ വേണ്ടതില്ല, നിരീക്ഷണവും ജാഗ്രതയും മതിയെന്ന് ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അടക്കം വിദഗ്ധർ പറഞ്ഞു.
വാക്സിനേഷനിലൂടെയും മറ്റും പ്രതിരോധ ശേഷി നേടിയതിനാൽ ഇന്ത്യയിൽ കടുത്ത കോവിഡ് വ്യാപനത്തിന് സാധ്യതയില്ല. ചൈനയെ പ്രശ്നത്തിലാക്കിയ ബി.എഫ്-7 വൈറസ് വകഭേദം ഇന്ത്യയിൽ വന്നുകഴിഞ്ഞതാണ്. ഒരു വർഷംമുമ്പ് ഒമിക്രോൺ വകഭേദം ഇന്ത്യയിൽ വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. സർക്കാർ കണക്കുപ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിതർ ഇപ്പോൾ 3,397 മാത്രമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.15 ശതമാനം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.