ഭാര്യയുടെ ആഗ്രഹ പ്രകാരം ബീജം ശേഖരിച്ചതിന് പിന്നാലെ കോവിഡ് രോഗി മരണത്തിന് കീഴടങ്ങി
text_fieldsവഡോദര (ഗുജറാത്ത്): മരണാസന്നനായി കിടന്ന വേളയിൽ ഭാര്യയുടെ ആഗ്രഹ പ്രകാരം ബീജം ശേഖരിച്ചതിന് പിന്നാലെ 32കാരനായ കോവിഡ് രോഗി മരണത്തിന് കീഴടങ്ങി. ഭർത്താവിന്‍റെ ഓർമക്കായി അദ്ദേഹത്തിന്‍റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് കോടതി ഇടക്കാല അനുമതി നൽകിയിരുന്നു.
'ഹൈകോടതി അനുമതി ലഭിച്ചതിന് പിന്നാലെ എന്‍റെ കക്ഷിയുടെ ഭർത്താവിന്‍റെ ബീജം ശേഖരിച്ചതായി ആശുപത്രി അധികൃതർ ഞങ്ങളെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി'-യുവതിയുടെ അഭിഭാഷകനായ നിലായ് പേട്ടൽ പറഞ്ഞു.
യുവതിയുടെ ഭർത്താവിന് മേയ് 10നാണ് കോവിഡ് ബാധിച്ചത്. അസുഖം ഗുരുതരമായതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.വഡോദരയിലെ സ്റ്റെർലിങ് ആശുപത്രിയിലായിരുന്നു ഭർത്താവ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളിൽ ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
മരണത്തിലേക്ക് നീങ്ങുന്ന ഭർത്താവിന്‍റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയിൽ ഗർഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. ആശുപത്രി അധികൃതരോട് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഭർത്താവ് അബോധാവസ്ഥയിലായതിനാൽ കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടർമാർ ഇവരെ അറിയിച്ചു. തുടർന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവ് അബോധാവസ്ഥയിലായതിനാൽ അദ്ദേഹത്തിൽ നിന്ന് അനുമതി നേടുക അസാധ്യമാണെന്ന് വിലയിരുത്തിയ കോടതി, സാഹചര്യത്തിന്‍റെ അടിയന്തര സ്വഭാവം പരിഗണിച്ച് കൃത്രിമമാർഗത്തിലൂടെ ബീജം ശേഖരിക്കാൻ ആശുപത്രിക്ക് ഇടക്കാല അനുവാദം നൽകുകയായിരുന്നു. മെഡിക്കൽ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിർദേശിച്ചു.
അടിയന്തര സാഹചര്യത്തിലാണ് ഇടക്കാല അനുമതി നൽകിയതെന്നും ഹരജി 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. 2020 ഒക്ടോബറിൽ വിവാഹിതരായ ദമ്പതികൾ കാനഡയിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. യുവാവിന്‍റെ പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തുടർന്നാണ് കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.