കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന വയോധികൻ ഭക്ഷണം കിട്ടാതെ മരിച്ചു
text_fieldsബംഗളൂരു: ഭക്ഷണത്തിനായി കേണപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ കോവിഡ് ശരീരത്തെ ആക്രമിക്കുന്നതിന് മുമ്പെ 61കാരനായ വയോധികൻ വിശന്നു മരിച്ചു. കർണാടകയിലെ ബെള്ളാരിയിലെ ടി ബെളഗല്ലു ഗ്രാമത്തിലാണ് ദാരുണമായ സംഭവം. കോവിഡ് പോസിറ്റീവായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികന് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകാൻ പോലും കുടുംബാംഗങ്ങളോ അയൽക്കാരോ അധികൃതരോ എത്തിയില്ല.
സംഭവത്തിൽ ബെള്ളാരി ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടും ആരോഗ്യസ്ഥിതി മോശമായ വയോധികനെ പരിശോധിക്കാൻ മെഡിക്കൽ സംഘം എത്താത്തത് സംബന്ധിച്ചും അന്വേഷിക്കും. കോവിഡ് ബാധിച്ച് നിരീക്ഷണത്തിലിരിക്കുന്നയാൾക്ക് കൃത്യമായ സമയത്ത് പോഷകാഹാരം ഉൾപ്പെടെ നൽകേണ്ടതുണ്ട്. എന്നാൽ, വയോധികന് രണ്ടുദിവസത്തിനിടെ ഒറ്റ തവണ മാത്രമാണ് ഭക്ഷണം ലഭിച്ചതെന്നും സംഭവം അധികൃതരെ അറിയിച്ചിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
കൊട്ടൂർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 61കാരന് ആഗസ്റ്റ് 15നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ മറ്റൊരിടത്തിലേക്ക് മാറി താമസിച്ചു. ഭക്ഷണത്തിനായി വയോധികൻ നിലവിളിച്ചെങ്കിലും കുടുംബാംഗങ്ങൾ ഭക്ഷണം എത്തിച്ചു നൽകിയില്ലെന്നാണ് ആരോപണം. കോവിഡ് പോസിറ്റീവായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായതിനാലാണ് വീട്ടുനിരീക്ഷണത്തിലാക്കിയിരുന്നത്. എന്നാൽ, തിങ്കളാഴ്ചയോടെ ആരോഗ്യനില വഷളായി. സഹായം തേടി വയോധികൻ ഫോൺ വിളിച്ചിരുന്നോ എന്ന കാര്യം ഉൾപ്പെടെ അന്വേഷിക്കുമെന്നും ജില്ല ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.