മോദിയുടെ നേട്ടത്തിന് കോവിഡ് കണക്കിൽ കൃത്രിമമെന്ന് റിപ്പോർട്ട്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേട്ടത്തിനായി കോവിഡ് വ്യാപനത്തിെൻറ കണ്ടെത്തലുകളിൽ കൃത്രിമം കാണിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ശാസ്ത്രജ്ഞരിൽ സമ്മർദം െചലുത്തിയതായി റിപ്പോർട്ട്. കോവിഡ് മഹാമാരി രൂക്ഷമായി ബാധിച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ബിഹാർ തെരഞ്ഞെടുപ്പിനായി പ്രചാരണം ആരംഭിക്കുന്നതിനും വേണ്ടിയായിരുന്നു ഇതെന്ന് ന്യൂയോർക് ടൈംസ് പത്രം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഒന്നാം കോവിഡ് വ്യാപനം 2020 സെപ്റ്റംബറോടെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും 2021 ഫെബ്രുവരിയോടെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ഐ.സി.എം.ആർ വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനം ചെയ്ത പ്രധാനമന്ത്രി ഇന്ത്യ കോവിഡിനെ അതിജീവിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, രണ്ട് മാസം കഴിഞ്ഞു മാർച്ചോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം കുത്തനെ ഉയരുകയും ലക്ഷങ്ങൾ മരിക്കുകയും നിരവധിപേർക്ക് ഗുരുതര അസുഖങ്ങൾ വന്നതായും ന്യൂയോർക് ടൈസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മുന്നറിയിപ്പിലെ പിഴവ് ചൂണ്ടിക്കാണിച്ച ശാസ്ത്രജ്ഞൻ അനൂപ് അഗർവാളിന് 2021 ഒക്ടോബറിൽ ഐ.സി.എം.ആറിൽനിന്ന് രാജിവെക്കേണ്ടി വന്നു.
രണ്ടാം കോവിഡ് വ്യാപനം രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഗണിത മാതൃക തയാറാക്കുന്നതിനെ കുറിച്ച് ഐ.സി.എം.ആർ തലവൻ ബൽറാം ഭാർഗവയെ അറിയിച്ചപ്പോൾ അദ്ദേഹത്തിൽനിന്ന് നല്ല മറുപടിയല്ല ലഭിച്ചതെന്ന് അനൂപ് അഗർവാൾ ന്യൂയോർക് ടൈംസിനോട് പറഞ്ഞു. കൂടാതെ, സയൻസ് ജേണലായ നേച്വറിൽ 2021 ജനുവരിയിൽ വന്ന രണ്ടാം കോവിഡ് തരംഗത്തെ പ്രവചിച്ചുള്ള പഠനം പിൻവലിക്കാൻ െഎ.സി.എം.ആർ നേതൃത്വം സമ്മർദം ചെലുത്തിയെന്നും റിേപ്പാർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ട് പുറത്തുവന്നതോടെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കോവിഡിെൻറ യഥാർഥ ചിത്രം മറച്ചുവെച്ചുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, ആരോഗ്യ മന്ത്രി, ഐ.സി.എം.ആർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണത്തിൽ പ്രതികരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറായില്ല. കോവിഡ് നിയന്ത്രണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണെന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവ നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.