കോവിഡ് വീണ്ടും വർധിക്കുന്നു; കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളോട് ജാഗ്രത വർധിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന്റെ കത്ത്.
സംസ്ഥാനങ്ങൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നിരന്തരം നടത്തി രോഗ്യ വ്യാപനം തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനങ്ങളുടെ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വേണ്ട സഹായ സഹകരണങ്ങൾ നൽകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണെന്നും കേന്ദ്രം കരുതുന്നു.
ഇന്ത്യയിലുണ്ടാകുന്ന പുതിയ കേസുകളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നാണ്. ആഴ്ചയിൽ 4139 കേസുകൾ എന്നതിൽ നിന്ന് ജൂൺ മൂന്ന് വരെയുള്ള കണക്ക് പ്രകാരം 6556 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേരളത്തിലെ 11 ജില്ലകളിൽ കേസുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേസുകൾ കൂടുതലുള്ളത്.
സംസ്ഥാനങ്ങൾ ഇക്കാര്യങ്ങളിൽ ശ്രദ്ധപൂർവമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ കത്തെഴുതിയത്. കോവിഡ് ഫലവത്തായി കൈകാര്യം ചെയ്യുന്നതിന് വേണ്ട നടപടികൾ സംസ്ഥാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്രം ഓർമിപ്പിക്കുന്നു.
ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്- വാക്സിനേഷൻ തന്ത്രവും മാസ്ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് ജാഗ്രത തുടരണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ ഊന്നിപ്പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.