കോവിഡിനെ ഭയന്ന് യുവതി മകനൊപ്പം അടച്ചുപൂട്ടിയ വീട്ടിൽ കഴിഞ്ഞത് മൂന്നു വർഷം
text_fieldsകോവിഡ് പകരുമെന്ന് ഭയന്ന് യുവതി പത്തു വയസ്സുള്ള മകനൊപ്പം അടച്ചുപൂട്ടിയ വീട്ടിൽ കഴിഞ്ഞത് മൂന്നു വർഷം. ഭർത്താവിന്‍റെ പരാതിയിൽ ഒടുവിൽ യുവതിയെയും മകനെയും പൊലീസ് രക്ഷപ്പെടുത്തി.
ഗുരുഗ്രാമിലാണ് സംഭവം. വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡിന്‍റെ ആദ്യ വ്യാപനത്തിൽ കുടുംബം വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. എന്നാൽ, രണ്ടാം വ്യാപനത്തിനിടെ ജോലിക്കു പോയ ഭർത്താവിനെ വീട്ടിൽ കയറ്റാൻ 35 വയസ്സുള്ള യുവതി സമ്മതിച്ചില്ല. പിന്നാലെ ഭർത്താവ് വീടിനു സമീപത്ത് വാടകക്ക് മുറിയെടുത്ത് അവിടെയായിരുന്നു താമസം.
ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ പരാതി കുടുംബ തർക്കമാണെന്ന പേരിൽ ആദ്യം പൊലീസ് തള്ളുകയാണുണ്ടായത്. ഒന്നര വർഷമായി വാടക മുറിയിൽതന്നെയായിരുന്നു ഭർത്താവിന്‍റെ താമസം. ഇതിനിടയിലൊന്നും ഇദ്ദേഹത്തെ വീട്ടിൽ പ്രവേശിക്കാൻ ഭാര്യ അനുവദിച്ചില്ല. പിന്നാലെയാണ് ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഇദ്ദേഹം വീണ്ടും പൊലീസിനെ സമീപിച്ചത്.
ഒടുവിൽ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വീട്ടിനുള്ളിൽ
മാലിന്യക്കൂമ്പാരം തന്നെയുണ്ടായിരുന്നു. മൂന്നുവർഷത്തെ മാലിന്യമാണ് വീട്ടിലുണ്ടായിരുന്നതെന്ന് ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസിനെ കണ്ടതും മകനെ കൊല്ലുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി. ഒടുവിൽ ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.